റോഡിലെ കുഴി കാരണം അരിക് ചേർന്ന് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്ക്
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു.വയനാട്ടിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേൽമുറി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴി കാരണം ഓരം ചേർന്ന് പോയ കാറാണ് മറിഞ്ഞത്. കാറിൽ ആറു പേരായിരുന്നു ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാര്‍ ഭാഗികമായി തകര്‍ന്നു. തോട്ടിലേക്ക് മറിഞ്ഞ കാര്‍ കുത്തനെ നില്‍ക്കുകയായിരുന്നു. ഏറെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
ഇതിനിടെ, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാൻ കാരണം.
മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. തിരുവമ്പാടി ഡിപ്പോയിൽ നിന്ന് കൂടരഞ്ഞി വഴി കക്കാടം പൊയിലിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റേത് തേയ്മാനമുണ്ടായ ടയറുകളാണ് എന്ന് നാട്ടുകാരുടെ ആരോപണം.