തൃശൂർ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; കാറിലുണ്ടായിരുന്നത് ഒരാൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
തൃശൂർ: തൃശൂർ കൊരട്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചിരുന്നത്. കാർ യാത്രക്കാരൻ പെട്ടെന്ന് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
കഴിഞ്ഞ മാസം മലപ്പുറത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്. തിരൂർ - ചമ്രവട്ടം റോഡിൽ ആലിങ്ങലിലായിരുന്നു സംഭവം. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു.
അതേസമയം കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റ വാഹന ഉടമ മരിച്ചു. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വീടിന് സമീപത്ത് വെച്ചാണ് സാബുവിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.
വാഹനങ്ങളുടെ സ്ഥിരം മെയിന്‍റനന്‍സ് ചെയ്യാത്തതാണ് കാറുകള്‍ തീപിടിക്കുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓയില്‍ ലെവല്‍, കൂളെന്‍റ് ലെവല്‍, ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാറിനകത്ത് കൂടുതലായി നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന ഗുണമേന്മയില്ലാത്ത ക്യാമറകൾ ഉൾപ്പെടെ പ്രശ്നമാണ്. ഇന്ധന ചോര്‍ച്ചയും വാഹനങ്ങള്‍ കത്തുന്നതിന് കാരണമാകുന്നു.