'കബാലി ഡാ'; പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് പിന്നോട്ടെടുത്തത് എട്ട് കിലോമീറ്റര്‍ !
ചാലക്കുടി മലക്കപ്പാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷന്‍ നാല്പതിലേറെ .യാത്രക്കാരുമായി വെറ്റിലപ്പാറയ്ക്ക് പോവുകയായിരുന്നു.
തൃശൂർ : സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത 'കബാലി'യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചു. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്.
ചാലക്കുടി മലക്കപ്പാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷന്‍ നാല്പതിലേറെ .യാത്രക്കാരുമായി വെറ്റിലപ്പാറയ്ക്ക് പോവുകയായിരുന്നു. അമ്പലപ്പാറ വച്ചാണ് കബാലിയെന്ന കാട്ടുകൊമ്പന്‍ വണ്ടിക്ക് മുന്നില്‍ പാഞ്ഞടുത്തത്. ഇടുങ്ങിയ വനപാതയില്‍ വണ്ടി പിന്നിലേക്കെടുക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. രണ്ടു കല്പിച്ച് വണ്ടി പിന്നോട്ടെടുത്തു. വിടാതെ കൊമ്പന്‍ മുന്നില്‍. ആനക്കയം വരെ എട്ട് കിലോമീറ്ററിലേറെയാണ് ഇങ്ങനെ ജീവന്‍ കൈയ്യില്‍ പിടിച്ച് വണ്ടി പിന്നോട്ടോടിച്ചത്. ആനക്കയമെത്തിയതോടെ വണ്ടി ഉപേക്ഷിച്ച് കൊമ്പന്‍ കാട്ട് കയറി. രക്ഷകനായ ഡ്രൈവറെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നാട്ടുകാരും സമൂഹ മാധ്യമങ്ങളും.
ആതിരപ്പിള്ളി മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ പരാക്രമം ഇതാദ്യമല്ല. കബാലി ഇതിന് മുമ്പും ഇടയ്ക്കിടെ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരുമാസമായി പരാക്രമം വര്‍ദ്ധിച്ചു. രണ്ടാഴ്ച മുന്പ് വനം വകുപ്പിന്‍റെ വണ്ടി അടിച്ചു തകര്‍ത്തു. പിന്നാലെ അമ്പലപ്പാറ വൈദ്യുതി നിലയത്തിന് നേരെയും ആക്രമണമുണ്ടായി. മദപ്പാടിലായതിനാലാണ് കാട്ടാനയ്ക്ക് അക്രമണ വാസന കൂടിയതെന്ന് വനം വകുപ്പിന്‍റെ വിശദീകരണം. കൂടുതല്‍ ഉദ്യോഗസ്ഥരെ വനപാതയില്‍ വിന്യസിപ്പിച്ച് സുരക്ഷയോരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.