കുടിവെള്ള ടാങ്കിൽ പോത്ത് കുടുങ്ങിയത് ദിവസങ്ങൾ, ചാണകവെള്ളം കുടിക്കേണ്ട അവസ്ഥയിൽ നാട്ടുകാർ

കാണാതായ പോത്തിനെ കുടിവെള്ള ടാങ്കിൽ നിന്ന് രക്ഷിച്ചു. ടാങ്ക് ശുചീകരിക്കാതെ എസ്റ്റേറ്റ് അധികൃതർ. വയനാട്ടിൽ ചാണകവെള്ളം കുടിക്കേണ്ട അവസ്ഥയിൽ നാട്ടുകാർ

buffalo traps in Poddar estate water tank rescues after days yet to clean tank water polluted 5 January 2025

കൽപ്പറ്റ: കുടിവെള്ള ടാങ്കിൽ കുടുങ്ങിയ പോത്തിനെ രക്ഷിച്ചിട്ട് ദിവസങ്ങൾ. നാട്ടുകാർക്ക് ഇപ്പോഴും കിട്ടുന്നത് ചാണക വെള്ളം. വയനാട് കൽപ്പറ്റ ചുണ്ടേലിലെ ഓടത്തോട്ടിലാണ് സംഭവം. ചുണ്ട എസ്റ്റേറ്റിലുള്ള  ഒരാൾ വളർത്തിയിരുന്ന പോത്തിനെ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു. ഇതിനിടയിലാണ് പോഡർ പ്ലാന്റേഷന്റെ ഓടത്തോട് ഡിവിഷനിലെ പൈപ്പിൽ നിന്ന് ചാണക വെള്ളമാണ് ലഭിക്കുന്നതെന്ന് തോട്ടം തൊഴിലാളികൾ വിശദമാക്കുന്നത്. കുടിവെള്ള ടാങ്കിന് മുകളിലെ തുരുമ്പെടുത്ത വല പോത്ത് ചവിട്ടിയപ്പോൾ തകർന്നതാവാമെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.

തുടർന്ന് നടന്ന തെരച്ചിലിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് പോത്തിനെ രക്ഷിക്കുന്നത്. എന്നാൽ പോത്തിനെ രക്ഷിച്ച ശേഷവും കുടിവെള്ള ടാങ്ക് മലിനമായി കിടക്കുന്നത് തുടരുകയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ടാങ്കിൽ തീറ്റ തേടിയെത്തിയ പോത്ത് വീഴുകയായിരുന്നുവെന്നാണ് സംശയം. ടാങ്കിന് മുകളിൽ വലകൾ അടക്കമുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ വെള്ളം പലപ്പോഴും മലിനമാകാറുണ്ട്. കുടിവെള്ള ടാങ്ക് ഭൂനിരപ്പിലാണെന്നും ഇതിന് ചുറ്റുമായി മറ്റ് മലിന ജലം ടാങ്കിലേക്ക്  വീഴാതിരിക്കാനുള്ള സജ്ജീകരണങ്ങളില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ഓടത്തോട് ഭാഗത്തെ നിരവധി കുടുംബങ്ങളാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഈ ടാങ്കിന് പകരം മറ്റൊരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണം ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനാൽ ചാണക വെള്ളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നിരവധി വീട്ടുകാരുള്ളത്. പഞ്ചായത്ത് സഹായത്തോടെ നിർമ്മിച്ച രണ്ടാമത്തെ ടാങ്കിൽ പ്ലാന്റേഷൻ വൈദ്യുതി വിഹിതം നൽകാത്തതാണ് ജലവിതരണത്തിന് തടസമാകുന്നതെന്നാണ് ഓടത്തോട് ജീവൻരക്ഷാ സമിതി പ്രസിഡന്റ് മുഹമ്മദ് റാഫി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്. ഈ കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന ജലസ്ത്രോതസും മലിനമായതാണെന്നാണ് ഓടത്തോട് ജീവൻ രക്ഷാ സമിതി അംഗങ്ങൾ പ്രതികരിക്കുന്നത്.

ഈ ടാങ്ക് കാലങ്ങളായി വൃത്തിയാക്കാത്ത നിലയിലാണ് ഉള്ളതെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ വിശദമാക്കുന്നത്. ടാങ്ക് വൃത്തിയാക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറാകാത്തതിൽ ലയത്തിലുള്ളവർ മലിന ജലം ഉപയോഗിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓടത്തോട് ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ടാങ്കിൽ നിന്ന് പോത്തിനെ രക്ഷിച്ചത്.  സെക്രട്ടറി മമ്മി നടക്കാവിൽ, സി.എച്ച്.കാസിം, ഷെരീഫ്, നാസർ  തുടങ്ങിയവർ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios