ഇരു വൃക്കകളും തകരാറിൽ, സഹായത്തിന് കാത്തുനിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് സന്തോഷ് യാത്രയായി

വൃക്ക മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പണം കണ്ടെത്താനാവാത്താതിരുന്നതിന് പിന്നാലെ ചികിത്സ വൈകുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ ധനസമാഹരണം ആരംഭിച്ചെങ്കിലും സന്തോഷ് ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു

both kidneys damaged alappuzha native died not witing for treatment 4 January 2025

മാന്നാർ: ചികിൽസാ സഹായത്തിനായുള്ള നാടിന്റെ കരുതലിന് കാത്ത് നിൽക്കാതെ സന്തോഷ് മടങ്ങി. ഇരുവൃക്കകളും തകരാറിലായ മാന്നാർ പഞ്ചായത്ത് 14-ാം വാർഡിൽ കിഴക്കേകാട്ടിൽ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷ് (43) ആണ് ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി വൃക്ക രോഗത്തെ തുടർന്ന് സന്തോഷ്‌ ചികിത്സയിലായിരുന്നു. 

മേസ്‌തിരിയായി ജോലി ചെയ്തിരുന്ന സന്തോഷിന് രോഗം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതാവുകയും ശുചീകരണ തൊഴിലാളിയായ ഭാര്യ സൗമ്യ ഭർത്താവിനെ പരിചരിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തതോടെ ചികിത്സയും മക്കളുടെ  പഠനവുമെല്ലാം പ്രതിസന്ധിയിലായിരുന്നു. സന്തോഷിന്റെ  വൃക്കകൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ഭാര്യ വൃക്ക നൽകാൻ തയ്യാറായെങ്കിലും ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ  കണ്ടെത്തുക എന്നത് ഈ നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

ഇതിന് പിന്നാലെയാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒരുമിച്ചത്. ഇതിനായി  മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ചെയർപേഴ്സണായും മാവേലിക്കര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.കെപ്രസാദ് കൺവീനറായും ചികിൽസാ സഹായ സമിതി രൂപീകരിച്ച്  മാന്നാർ വില്ലേജിലെ 11 വാർഡുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 29 മുതൽ ഭവന സന്ദർശനം നടത്തി ധനസമാഹരണം നടത്തിവരെവെയാണ് സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ നടക്കും. പ്ലസ്‌ടു വിദ്യാർഥിയായ  ആദിത്യൻ, 10-ാം ക്ലാസുകാരനായ അർജുൻ എന്നിവരാണ് മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios