അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിന്റെ ജീവൻ; ആലപ്പുഴയിൽ മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോൾ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ചേർത്തല: ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (കണ്ണൻ - 21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവ് പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോൾ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ഉദയപ്രഭ. സഹോദരങ്ങൾ : അനന്ത കൃഷ്ണൻ, അയന.
അതേസമയം, സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് മസ്ക്കറ്റിലെ സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണമടഞ്ഞതിന്റെ ആഘാതത്തിലാണ് നാട്. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6) കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം