അമ്മയുടെ മരണാനന്തര ചടങ്ങിന് തലേന്ന് ബൈക്ക് അപകടം; മകന് ദാരുണാന്ത്യം
മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്ക് നടക്കാനിരിക്കെയാണ് മകന്റെ മരണം.
ഹരിപ്പാട്: മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ അപകടത്തിൽ മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ബൈക്കുകൾ തമ്മിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ കുറിച്ചിക്കൽ ജംഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം.
മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനായ നേരേശ്ശേരിൽ ഹസൈനും (20) പരിക്കേറ്റു. അനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്ര ഭരണസമിതി അംഗമാണ്. ഡ്രൈവറായ അനീഷ് അവിവാഹിതനാണ്. സഹോദരൻ: ശിവൻ.
READ MORE: ക്രിസ്മസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടി; തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ