പാലക്കാട് ജില്ലാ പൊലീസ് പിടികൂടിയ ഏറ്റവും വലിയ എംഡിഎംഎ കേസ്; കേരളത്തെ ഞെട്ടിച്ച് വൻ ലഹരിമരുന്ന് വേട്ട
പ്രതി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലാ പൊലീസ് പിടികൂടിയ ഏറ്റവും വലിയ എംഡിഎംഎ കേസാണിത്
പാലക്കാട്: പാലക്കാട് വൻ തോതില്‍ എം ഡി എം എയുമായി രണ്ട് പേര്‍ അറസ്റ്റിൽ. ഷൊർണൂർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 227 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി കരിയാട് സ്വദേശി നൗഷാദ്, വടകര ചെമ്മരുതൂർ സ്വദേശി സുമേഷ് കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികൾ മാരക ലഹരിമരുന്നുമായി ഇടപാടിന് വേണ്ടി ഷൊർണൂരിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് പൊലീസ് വലയിലായത്.
പ്രതി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലാ പൊലീസ് പിടികൂടിയ ഏറ്റവും വലിയ എംഡിഎംഎ കേസാണിത്. കേരളത്തിലേക്ക് വൻ തോതിൽ ലഹരി മരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന. ലഹരിമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്‍പ്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി വൈ എസ് പി ഹരിദാസ് പി സി, പാലക്കാട് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ആർ മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട. ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ ജെ ആർ, സബ്ബ് ഇൻസ്‌പെക്ടർ രജീഷ് എസ് എന്നിവരും ഷൊർണൂർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
അതേസമയം, സംസ്ഥാനത്തെ സിന്തറ്റിക് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി എംഡിഎംഎയുമായി കൊച്ചിയില്‍ പിടിയിലായിരുന്നു. പനമ്പിള്ളിനഗര്‍ സ്വദേശി അമല്‍ നായരാണ് സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കൊറിയര്‍ മാര്‍ഗം ശേഖരിക്കുന്ന ലഹരിവസ്തുക്കൾ മാലിന്യകൂട്ടത്തിനിടയില്‍ ഉപേക്ഷിച്ചാണ് വിതരണം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നാണ് അമലിനെ പൊലീസ് പിടികൂടിയത്.