ഓണം ബോണസിൽ റെക്കോർഡിടാൻ ബെവ്കോ, 95000 രൂപ ബോണസ് നൽകാൻ ശുപാർശ

എന്നാൽ ഓണം ബോണസ് സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്

Bevco employees to receive record amount for onam bonus

തിരുവനന്തപുരം: ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ഓണം ബോണസ് തുക ശുപാർശ. ബീവറേജ് കോർപ്പറേഷനാണ് സർക്കാരിന് ശുപാർശ നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബോണസായി നൽകിയത് 90000 രൂപയായിരുന്നു. ലേബലിംഗ് തൊഴിലാളികൾ വരെയുള്ള ജീവനക്കാർക്ക് ഓണം കളറാകാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ ഓണം ബോണസ് സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്. 

95000 രൂപവരെയാണ് ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുകയെന്നാണ്  സൂചനകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം 90000 രൂപയായിരുന്നു ഓണം ബോണസ്. മദ്യ വിൽപനയിലൂടെ 5000 കേടി രൂപയുടെ നികുതി വരുമാനം ലഭിച്ചതിന് പിന്നാലെയാണ് നീക്കം എത്തുന്നത്. 

 സർക്കാർ ജീവനക്കാർ ലഭിക്കുന്ന ഏറ്റവും കൂടിയ ഓണം ബോണസാകും ഈ തുകയെന്നാണ് ലഭ്യമാകുന്ന കണക്കുകൾ. രണ്ട് വിഭാഗങ്ങളിലായാവും ഈ തുക ജീവനക്കാർക്ക് വിതരണം ചെയ്യുക. പെർഫോമൻസ് ഇൻസെന്റീവ്, എക്സ്ഗ്രാഷ്യ എന്നീ വിഭാഗങ്ങളിലാവും ബോണസ് നൽകുക. ബെവ്കോ ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി 5000 ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്. ശുചീകരണ തൊഴിലാളികൾക്ക് 5000 രൂപയാകും ബോണസ് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അതേസമയം ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ബോണസ്‌ ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. 

കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.  13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios