ബംഗളുരുവിൽ നിന്ന് 9 ലക്ഷം രൂപയുമായി ബസിൽ വന്നിറങ്ങിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 3 പേർ പിടിയിൽ
പുലർച്ചെ അഞ്ച് മണിയോടെ ബസിറങ്ങിയ ശേഷമാണ് തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ ശേഷം അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ചത്.
കണ്ണൂർ: കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കാസർകോട് സ്വദേശികളായ മുസമ്മിൽ, അഷ്റഫ്, ഇരിക്കൂർ സ്വദേശി സിജോയ് എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നത്.
തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിന് സഹായം ചെയ്തതവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ബംഗളുരുവിൽ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ അഞ്ച് മണിയോടെ ബസിറങ്ങിയ റഫീഖിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്ന ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമികളെ കുറിച്ച് സൂചന കിട്ടിയെന്നും തട്ടിക്കൊണ്ടുപോയവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.
അവശ നിലയിൽ വഴിയിൽ കിടക്കുകയായിരുന്നറഫീഖിനെ പരിചയക്കാരനായ ഒരു ഓട്ടിറിക്ഷ തൊഴിലാളിയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ഉപയോഗിച്ചിരുന്ന കാർ സിജോയുടേതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം