ക്ഷേത്രത്തിൽ പോകുന്ന വഴി സ്വർണാഭരണം നഷ്ടമായി; വീണു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി
മകനെ മദ്രസയിൽ കൊണ്ട് വിടാൻ പോകുമ്പോഴാണ് സ്വർണ്ണ ചെയിൻ ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
മാന്നാർ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കുരട്ടിക്കാട് മേടയിൽ മുഹമ്മദ് സിയാദാണ് വഴിയിൽ നിന്നും വീണുകിട്ടിയ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
ഞായറാഴ്ച രാവിലെ മകനെ മദ്രസയിൽ കൊണ്ട് വിടാൻ ഓട്ടോയിൽ പോകുമ്പോഴാണ് വഴിയരികിൽ കിടന്ന സ്വർണ്ണ ചെയിൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. വണ്ടി നിർത്തി സ്വർണ്ണമാണെന്ന് ഉറപ്പു വരുത്തി എടുത്ത് സൂക്ഷിക്കുകയും സാമൂഹ്യ പ്രവർത്തകൻ സജി കുട്ടപ്പനെ അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയുമായിരുന്നു. ഇതറിഞ്ഞ ഉടമസ്ഥൻ തടിയൂർ സ്വദേശി അനൂപ് കുമാർ സിയാദിനെ ബന്ധപ്പെടുകയും ഇന്നലെ മാന്നാറിലെത്തി സ്വർണ്ണം കൈപ്പറ്റുകയും ചെയ്തു.
ഓച്ചിറ ക്ഷേത്ര ദർശനത്തിന് ഇരുചക്ര വാഹനത്തിൽ പോകവേയാണ് സ്വർണ്ണ കൈ ചെയിൻ നഷ്ടമായതെന്ന് അനൂപ് പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ എസ്. അമ്പിളി, തൃക്കുരട്ടി മഹാദേവ സേവാ സമിതി പ്രസിഡന്റ് കലാധരൻ കൈലാസം സമിതി അംഗം അനിരുദ്ധൻ എന്നിവരുടെ സാന്നിധ്യത്തിൽ സജി കുട്ടപ്പന്റെ ഉടമസ്ഥതയിലുള്ള ദേവി വെസൽസിൽ വെച്ച് സ്വർണ്ണ ചെയിൻ സിയാദ് ഉടമസ്ഥന് കൈമാറി.