'നിനക്കെന്നെ അറിയുമോടാ എന്ന് ചോദ്യം', യാത്രാക്കൂലി ചോദിച്ചതിന് പൊതിരെ തല്ലി അജ്ഞാതൻ, ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കൂടരഞ്ഞിയിലെത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങാതെ ഉറങ്ങുകയായിരുന്നു. ഇതോടെ തട്ടിവിളിച്ചു. കൂടരഞ്ഞിയെത്തിയെന്നും അറിയിച്ചു
കോഴിക്കോട്: തിരുവമ്പാടിയിൽ യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചു. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കാളാഴ്ച രാത്രി 10 മണിക്കാണ് സംഭവമുണ്ടായത്.
തിരുവമ്പാടി ഓട്ടോ സ്റ്റാൻഡിൽ വെച്ച് ഒരാൾ ഷാഹുൽ ഹമീദിന്റെ ഓട്ടോയിൽ കയറി. കൂടരഞ്ഞിയിലേക്കായിരുന്നു ട്രിപ്പ് വിളിച്ചത്. കൂടരഞ്ഞിയിലെത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങാതെ ഉറങ്ങുകയായിരുന്നു. ഇതോടെ തട്ടിവിളിച്ചു. കൂടരഞ്ഞിയെത്തിയെന്നും അറിയിച്ചു. ഇതോടെ വണ്ടി തിരിച്ച് വിടാൻ യാത്രക്കാരൻ പറഞ്ഞു. തിരികെ വരുന്നതിനിടെ കരിങ്കുറ്റിയെത്തിയപ്പോൾ, വണ്ടി നിർത്താൻ പറഞ്ഞു. വണ്ടിനിർത്തി പൈസ ചോദിച്ചു. 120 രൂപയാണെന്ന് പറഞ്ഞു. അതോടെ നിനക്കെന്നെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ബാക്കിൽ നിന്നും പിടിച്ചു വണ്ടിയിൽ നിന്നും പുറത്തേക്കിട്ട് മർദ്ദിച്ചു. ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തുമ്പോഴേക്ക് പ്രതി മുങ്ങി. പരിസരത്തെല്ലാം തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർക്ക് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.
കാവി മുണ്ടും നീല ഷർട്ടുമാണ് യാത്രക്കാൻ ധരിച്ചിരുന്നതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. കയ്യിൽ ഒരു ബാഗുമുണ്ടായിരുന്നു. പ്രതിയുടെ മർദനത്തിൽ ഷാഹുൽ ഹമീദിൻ്റെ ഹൈക്ക് പൊട്ടലുണ്ട്. മുപ്പത് വർഷമായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ വരുമാനം മുടങ്ങി. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.