എത്തുവന്നവർക്കെല്ലാം നേദിച്ച പാല്‍പായസമടക്കം വിശേഷാൽ പ്രസാദഊട്ട്, 'കണ്ണന്റെ പിറന്നാൾ' ഒരുക്കങ്ങൾ ഇങ്ങനെ!
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഴുവൻ ഭക്തർക്കും വിശേഷാൽ പ്രസാദഊട്ട്
തൃശൂര്‍: ഗുരുവായൂരില്‍ അഷ്ടമിരോഹിണി ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച്ച ഭഗവദ് ദര്‍ശനത്തിനായി ആയിരങ്ങളെത്തും. മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനാവസരം ലഭ്യമാക്കാന്‍ നടപടികള്‍ ചെയ്തുവരുന്നുണ്ട്. സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദഊട്ട് നല്‍കും.
പ്രസാദഊട്ടിനു മാത്രമായി 22.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്തപക്ഷം ആവശ്യമായത്ര ഭക്ഷണം തയാറാക്കി നല്‍കാനും അനുമതി നല്‍കി. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം നല്‍കിയത്. അഷ്ടമിരോഹിണിദിനത്തില്‍ രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രിവിളക്കിനും തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മേളം ഒരുക്കും.
ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന് തിമിലയില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സംഘവും മദ്ദളത്തില്‍ കലാമണ്ഡലം നടരാജവാരിയരും സംഘവും ഇടയ്ക്കയില്‍ കടവല്ലൂര്‍ മോഹനമാരാരും സംഘവും കൊമ്പില്‍ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തില്‍ പാഞ്ഞാള്‍ വേലുക്കുട്ടിയും സംഘവും അണിനിരക്കും. മഞ്ചേരി ഹരിദാസും സംഘവും നയിക്കുന്ന സന്ധ്യാ തായമ്പകയാണ് വിശേഷാല്‍ വാദ്യങ്ങളില്‍ ഒരിനം.
വിശേഷാല്‍ പ്രസാദഊട്ട്
നേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരയുപ്പേരി തുടങ്ങിയവയാണ് വിഭവസമൃദ്ധമായ സദ്യയിലൊരുക്കുക. രാവിലെ ഒമ്പതിന് പ്രസാദഊട്ട് ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിനാണ് ഊട്ടിനുള്ള വരിനില്‍പ്പ് അവസാനിപ്പിക്കുക. അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് ഒരുക്കും. തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്, തെക്ക് ഭാഗത്തായി ഒരുക്കും. പ്രസാദഊട്ട് ഭക്തര്‍ക്ക് നല്‍കാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ 100 പ്രഫഷണല്‍ വിളമ്പുകാരെ നിയോഗിക്കുന്നുണ്ട്.
അഷ്ടമിരോഹിണി നാളില്‍ ദര്‍ശന ക്രമീകരണം
അഷ്ടമിരോഹിണി നാളിലെ ഭക്തജന തിരക്ക് പ്രമാണിച്ച് വി.ഐ.പി, സ്‌പെഷല്‍ ദര്‍ശനത്തിന് രാവിലെ ആറുമുതല്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയര്‍ സിറ്റിസണ്‍ ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകുന്നേരം അഞ്ചുമുതല്‍ ആറു വരെയുമാകും. പ്രദേശവാസികള്‍ക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും അനുവദിക്കും. ബാക്കിസമയം പൊതുവരി സംവിധാനം മാത്രമാകും. ക്ഷേത്രദര്‍ശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്നപക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനില്‍ക്കാന്‍ സൗകര്യം ഒരുക്കും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ ദര്‍ശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളില്‍ നിര്‍മാല്യദര്‍ശനത്തിനുള്ള ക്യൂ നേരെയാണ് പ്രവേശിപ്പിക്കുക.
അപ്പം വഴിപാട്
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 6.63 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക. രശീതിന് 32 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി 480യുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. ചെക്കോ, ഡിമാന്റ് ഡ്രാഫ്‌റ്റോ സ്വീകരിക്കില്ല.