ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തി സിഐ; പൊലീസ് മാമനെ വളഞ്ഞു പിടിച്ച് കുഞ്ഞ് സാന്താക്ലോസുമാർ
അടച്ചിട്ട ആഘോഷ മുറിക്ക് പുറത്തേയ്ക്ക് വന്ന പൊലീസ് മാമനെ കണ്ടതോടെ കുട്ടികൾ ചുറ്റും കൂടുകയായിരുന്നു.
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ സിഐയെ വളഞ്ഞു പിടിച്ച് കുട്ടി സാന്താക്ലോസുമാർ. ആര്യനാട് ഗവൺമെന്റ് എൽ പി എസിലാണ് രസകരമായ സംഭവമുണ്ടായത്. സ്കൂളിന് ഒന്നാകെ ഒരു കേക്ക് എന്ന ആശയം മുൻ നിർത്തി 50 കിലോയിൽ കൂറ്റൻ കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷം നടന്ന ക്ലാസ് മുറിയിൽ വിരലിൽ എണ്ണാവുന്ന കുട്ടികൾക്ക് ഒഴികെ സ്കൂളിലെ ബഹുഭൂരിപക്ഷം കുരുന്നുകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
അടച്ചിട്ട ആഘോഷ മുറിയ്ക്ക് പുറത്തേയ്ക്ക് വന്ന പൊലീസ് മാമനെ കണ്ട് ഓടിക്കൂടി വളഞ്ഞു പിടിച്ചും ക്രിസ്തുമസ് ആശംസ അറിയിച്ചും കൈ കൊടുത്തും സല്യൂട്ട് കൊടുത്തും കുട്ടികൾ തങ്ങളുടെ സന്തോഷം ഗംഭീരമാക്കി. കൈ കൊടുത്തും തൊട്ടുനോക്കിയും അടുത്ത് കൂടിയ പരമാവധി കുട്ടികളെയും തിരികെ അഭിവാദ്യം ചെയ്ത സി ഐ അജീഷ് ഒടുവിൽ പൊലീസ് മാമനോട് എടുക്കാൻ കൈ നീട്ടിയ കുട്ടി സാന്തായെ എടുത്തു പൊക്കി. പിന്നെ അവിടേക്ക് വന്ന അധ്യാപകരും രക്ഷകർത്താക്കളും ഈ രംഗങ്ങൾ പകർത്തി. കുട്ടികളുടെ ഈ സമീപനം ഏറെ സന്തോഷം ഉണ്ടാക്കിയെന്ന് ആര്യനാട് സിഐ അജീഷ് പറഞ്ഞു.