നോവൽ താളുകൾ മുതൽ ചുമർ ചിത്രങ്ങളിൽ വരെ പിറക്കും ജീവന്‍ തുടിക്കുന്ന വിജയൻ ചിത്രങ്ങള്‍
കമലാ ഗോവിന്ദ്, ഏറ്റുമാനൂർ ശിവകുമാർ ജോൺസൺ പുളിങ്കുന്ന്, കാനം ഇ ജെ, വല്ലച്ചിറ മാധവൻ തുടങ്ങിയ ഒരു കാലത്തെ മലയാളത്തിലെ ഹിറ്റ് നോവലിസ്റ്റുകളുടെ കഥാപാത്രങ്ങൾക്ക് കടലാസ് താളുകളിൽ ജീവൻ നൽകിയത് വിജയനെന്ന ഈ അതുല്യ പ്രതിഭയാണ്.
അമ്പലപ്പുഴ: വയസ് 56 പിന്നിട്ടിട്ട വിജയൻ ഇതുവരെയും ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എങ്കിലും കയ്യില്‍ നിന്ന് പിറക്കുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. വരക്കുമ്പോൾ വിജയ് എന്നും എഴുതുമ്പോൾ കലവൂർ വിജയൻ എന്ന തൂലികാ നാമവും ഉപയോഗിക്കുന്ന കലവൂർ ചെമ്പിലായിൽ വിജയനാണ് ഈ അത്ഭുത പ്രതിഭ. ചങ്ങനാശേരി എൻ എസ് എസ് കോളേജിൽ പഠിക്കുമ്പോൾ മാമ്പഴം ആഴ്ചപ്പതിപ്പിന്റെ താളുകളിലാണ് വിജയൻ തന്റെ കലാവൈഭവം ചിത്രങ്ങളാക്കുന്നത്.
നാല് വർഷം ഇവിടെ പ്രവർത്തിച്ചു. പിന്നീട് ഫ്രീലാന്റ് ആർട്ടിസ്റ്റായും വിവിധ പ്രസിദ്ധീകരണങ്ങൾക്കായി ചിത്രങ്ങൾ വരച്ചും പോന്നു. ഇതിനകം മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങൾക്കായി വിജയന്റെ പേനയുടെ തുമ്പിൽ നിന്ന് ആയിരക്കണക്കിന് ചിത്രങ്ങളാണ് പിറന്നത്. നിരവധി ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾക്കായും ഈ തൂലികയിൽ നിന്ന് ചിത്രങ്ങൾ ജനിച്ചിട്ടുണ്ട്. കമലാ ഗോവിന്ദ്, ഏറ്റുമാനൂർ ശിവകുമാർ ജോൺസൺ പുളിങ്കുന്ന്, കാനം ഇ ജെ, വല്ലച്ചിറ മാധവൻ തുടങ്ങിയ ഒരു കാലത്തെ മലയാളത്തിലെ ഹിറ്റ് നോവലിസ്റ്റുകളുടെ കഥാപാത്രങ്ങൾക്ക് കടലാസ് താളുകളിൽ ജീവൻ നൽകിയത് വിജയനെന്ന ഈ അതുല്യ പ്രതിഭയാണ്.
തമിഴിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനും ഈ കൈകളിൽ നിന്ന് പിറന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ എണ്ണച്ചായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മന്നത്ത് പത്മനാഭന്റേതാണ്. വിവിധ കരയോഗങ്ങളുടെ ആവശ്യ പ്രകാരമാണ് ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ സഹ സംവിധായകനായും കഴിവ് തെളിയിച്ച വിജയൻ ഇപ്പോൾ ഇരട്ടക്കുളങ്ങര വേലൻപറമ്പ് കുടുംബത്തിൽ പുതുതായി നിർമിക്കുന്ന യോഗിശ്വരശിവ പാർവതി മൂർത്തീ ക്ഷേത്രത്തിൽ ചുവർ ചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ്. പൈതൃകമായി ലഭിച്ച വിജയൻ്റെ കഴിവിൽ വിരിയുന്ന ചിത്രങ്ങൾ കാലമേറെക്കഴിഞ്ഞിട്ടും മികവുറ്റതായി തിളങ്ങുകയാണ്.