Asianet News MalayalamAsianet News Malayalam

'മോന്റെടുത്ത് തീരെ നിക്കാൻ പറ്റുന്നില്ല' അവരോട് പറഞ്ഞതുപോലെ അയാനെ എന്നും കണ്ടുകൊണ്ട് അര്‍ജുന്‍ അന്തിയുറങ്ങും

അര്‍ജുന്‍ ഇവിടെ അന്തിയുറങ്ങും, അവരോട് പറഞ്ഞപോലെ അയാനെ എന്നും കണ്ടിരിക്കാന്‍

 

Arjun said that he wanted to stay with his son and prepared his final resting place at home
Author
First Published Sep 27, 2024, 9:27 PM IST | Last Updated Sep 27, 2024, 9:41 PM IST

 കോഴിക്കോട്: 'മോന്റെ അടുത്ത് തീരെ നിക്കാന്‍ പറ്റുന്നില്ല, ഈ പണി ഒഴിവാക്കി പഴയ പെയിന്റിംഗ് പണി തന്നെ നോക്കണം', ലോറിയുമായി യാത്ര തുടങ്ങും മുമ്പ് അവസാനമായി സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടിയപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ന് കാര്‍വാറിൽ നിന്ന് അര്‍ജുൻ അവസാന യാത്ര തുടങ്ങി, സ്വന്തം വിയര്‍പ്പിൽ ചേര്‍ത്തുപിടിച്ച മണ്ണിലേക്ക് അന്ത്യവശ്രമത്തിനായി അവൻ എത്തുകയാണ്. അവന് വിശ്രമത്തിനുള്ള മണ്ണൊരുങ്ങുമ്പോഴാണ് അന്ന് പറഞ്ഞ ഈ വാക്കുകൾ സുഹൃത്തും അയല്‍വാസിയുമായി നിധിന്‍ ഒര്‍ത്തെടുത്തത്.

രണ്ടര വയസ്സുകാരനായ അയാന്റെ കുസൃതികള്‍ അത്രയേറെ കാണാന്‍ കൊതിച്ചിരുന്നു അര്‍ജുൻ. ലോറിയുമായി ഇറങ്ങിയാല്‍ പിന്നെ ദിവസങ്ങള്‍ കഴിഞ്ഞാലാണ് തിരികെ എത്താനാവുക. ഏറെ ഇഷ്ടമുള്ള ജോലിയായിരുന്നെങ്കിലും അയാനെ കണ്ടുകൊണ്ടേയിരിക്കാൻ ആ ജോലി നിര്‍ത്തണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നതായി നിധിനും സുഹൃത്തുക്കളും ഓര്‍മിച്ചു പറയുന്നു. 71 ദിവസങ്ങൾക്ക് ശേഷം അര്‍ജുൻ ഓടിച്ച ലോറി പുഴയിൽ നിന്ന് പൊക്കിയെടുത്തപ്പോഴും കാബിനിൽ നശിക്കാതെ കിടന്നിരുന്നത് അയാന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളായിരുന്നു.

Arjun said that he wanted to stay with his son and prepared his final resting place at home

അവന്റെ വിയര്‍പ്പുവീണ മണ്ണില്‍ അന്ത്യവിശ്രമം

വേങ്ങേരി കണ്ണാടിക്കലിലെ ആ ഇരുനില വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ അര്‍ജ്ജുന്റെ അന്ത്യവിശ്രമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അവന്റെ കൂടി വിയര്‍പ്പുതുള്ളികളുടെ ഫലമാണ് ആ ഭവനം. എത്ര അകലത്തേക്കുള്ള ലോഡ് ആണെങ്കിലും അതിന് തയ്യാറായി ലോറിയുമായി പോയതും സാമ്പത്തികമായി ഉണ്ടായ ആ ചെറിയ ബാധ്യത തീര്‍ക്കാനായിരുന്നു. ഡ്രൈവര്‍ ജോലിയില്‍ ഇറങ്ങുന്നതിന് മുന്‍പ് പെയിന്റിംഗ് വര്‍ക്കുകള്‍ സ്വന്തമായി ഏറ്റെടുത്ത് ചെയ്തിരുന്നു അര്‍ജ്ജുന്‍. അവന്റെ വീടിന്റെ മുഴുവന്‍ പെയിന്റിംഗും ചെയ്തത് അര്‍ജ്ജുനും സുഹൃത്തും കൂടിയായിരുന്നുവെന്ന് നിധിന്‍ ഓര്‍ക്കുന്നു. നിധിനെ കൂടാതെ കിരണ്‍ രാജ്, സനല്‍, വിഷ്ണു, വൈശാഖ്, റസൂല്‍, വിഘ്‌നേശ് തുടങ്ങിയവരും ബാല്യകാലം മുതല്‍ അര്‍ജ്ജുന്റെ കൂടെയുള്ള സുഹൃത്തുക്കളാണ്.

മകന്‍ അയാന്റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു. നിധിനാണ് അര്‍ജ്ജുനെ കാറില്‍ ഡ്രൈവിംഗ് പഠിപ്പിച്ചത്. പിന്നീട് ഡ്രൈവിംഗിനോട് അതിയായ ഭ്രമമുള്ള ഒരാളായി മാറിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മകനോടും കുടുംബത്തോടുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന അര്‍ജ്ജുന്‍ വലിയ പെയിന്റിംഗ് വര്‍ക്കുകള്‍ വരുമ്പോള്‍ ഏറ്റെടുക്കണമെന്ന് സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. അയാനായി വാങ്ങിവെച്ച കളിപ്പാട്ടവുമായി അര്‍ജ്ജുന്‍ ആ മണ്ണിലേക്ക് തന്നെ തിരിച്ചുവരികയാണ്. ഒരുപക്ഷേ സുഹൃത്തുക്കളോട് പറഞ്ഞപോലെ എപ്പോഴും തന്റെ മകനെ കണ്ടുകൊണ്ടിരിക്കാന്‍.

'അര്‍ജുൻ്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടം, ഇനി ചെയ്യേണ്ടത് അവരെ ചേർത്തുപിടിക്കൽ': സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios