'അരിക്കൊമ്പൻ അവർകളെ ചിന്നക്കനാലിൽ കൊണ്ടുവരണം!', ഇടുക്കിയിലെ ധർണയിൽ ട്രോളും പിന്തുണയും!
അരിക്കൊമ്പൻ കാട്ടാനയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ സ്നേഹികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിൽ ഇന്ന് ധർണ നടത്തിയിരുന്നു
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കു വെടി വച്ച് പിടികൂടി കാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പൻ കാട്ടാനയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ സ്നേഹികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിൽ ഇന്ന് ധർണ നടത്തിയിരുന്നു. ധർണയിൽ നിരവധി പേർ പങ്കെടുത്തമ്പോൾ, സംഭവത്തെ ആകെ ട്രോളുകയാണ് ഒരു വിഭാഗം.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളവർ ചേർന്ന് നടത്തിയ ധർണ പ്രശസ്ത പാമ്പു പിടുത്തക്കാരൻ വാവ സുരേഷാണ് ഉദ്ഘാടനം ചെയ്തത്. ആദ്യം തന്നെ വാവ സുരേഷിന്റെ പ്രസംഗഭാഗമാണ് ട്രോളുകൾക്ക് ഇരയായത്. 'അരിക്കൊമ്പൻ അവർകളെ തിരികെ കൊണ്ടുവരണം എന്ന് പറഞ്ഞ വാവാ സുരേഷിനെ കളിയാക്കി നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകളും ട്രോൾ വീഡിയോകളും പങ്കുവച്ചു. അതേസമയം, ഒരു പണിയുമില്ലാത്തവരാണ് ഇങ്ങനെ നടക്കുന്നതെന്ന് ഒരു കൂട്ടം ആരോപിക്കുന്നു.
എന്നാൽ ഇതിൽ നിന്ന വ്യത്യസ്തമായി അരിക്കൊമ്പനായി ഒത്തുകൂടിയവരുമായി ഐക്യപ്പെടുന്നുവെന്നു പറയുന്നവരും ഉണ്ട്. എത്താൻ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്തിനെ നാനാ ദിക്കിൽ നിന്നും അരിക്കൊമ്പന്റെ സംരക്ഷണം ഏറ്റെടുത്ത് എത്തിയവർക്ക് സ്നേഹാഭിവാദ്യങ്ങളെന്നടക്കം കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു. എന്തായാലും ഇടയ്ക്കും തലയ്ക്കും മറന്നുപോയ അരിക്കൊമ്പന്റെ പേര് ഓർത്തെടുത്തിട്ടുണ്ട് സോഷ്യൽ മീഡിയ ഇപ്പോൾ.
Read more: 'അരിക്കൊമ്പന് ഒരോട്ട്', തിരിച്ചെത്തിക്കാൻ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി, ചിഹ്നത്തിൽ വരെ സർപ്രൈസ്
അരിക്കൊമ്പൻ ധർണയിലെ ആവശ്യങ്ങൾ
തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലുള്ള അരിക്കൊമ്പൻറെ പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടാൻ തമിഴ്നാട് തയ്യാറാകണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് അരിക്കൊമ്പൻ ഫാൻസ് കൂട്ടായ്മയുടെ തീരുമാനം. അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും സംശയമാണെന്നും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അരിക്കൊമ്പനെ എന്തിനാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതെന്നും ഇവർ ചോദിക്കുന്നു. അതേസമയം, കഴിഞ്ഞ ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് അവിടെ നിന്നും മാറ്റി. അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. അരിക്കൊമ്പൻ സേഫാണെന്ന് തമിഴ്നാട് വനംവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.