'അരിക്കൊമ്പന് ഒരോട്ട്', തിരിച്ചെത്തിക്കാൻ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി, ചിഹ്നത്തിൽ വരെ സർപ്രൈസ്
കേരളം നാടുകടത്തിയ അരിക്കൊമ്പനും പുതുപ്പള്ളിയിൽ ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളുടെ മത്സരം.
പുതുപ്പള്ളി: കേരളം നാടുകടത്തിയ അരിക്കൊമ്പനും പുതുപ്പള്ളിയിൽ ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളുടെ മത്സരം. മൂവാറ്റുപുഴക്കാരൻ ദേവദാസ്. പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളാണ്. ഒറ്റ വാഗ്ദാനമേ ദേവദാസ് പുതുപള്ളിക്കാർക്ക് മുന്നിൽ വയ്ക്കുന്നുള്ളൂ. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കും എന്ന് മാത്രം.
അരിക്കൊമ്പന് നീതി കിട്ടണം. അരിക്കൊമ്പൻ എവിടെയെന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്. ആ നിഗൂഢത അവസാനിപ്പിക്കണം. അതേപോലെ കാടിനകത്ത് നടക്കുന്ന കാര്യങ്ങളിലെ നിഗൂഢത അവസാനിപ്പിക്കണം. അരിക്കൊമ്പനെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരും. അത് തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും അതിന് വേണ്ടി തന്നെ പ്രവർത്തിക്കുമെന്നും ദേവദാസ് പറയുന്നു.
അതേസമയം, മറ്റൊരു അരിക്കൊമ്പൻ ഫാൻ അനിതയാണ് ദേവദാസിന്റെ ചീഫ് ഇലക്ഷൻ ഏജന്റ്. അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ടാണ് പ്രവർത്തിക്കുന്നത്. അവന് നീതി കിട്ടണം. അവനെ ഓർക്കുമ്പോ നമുക്ക് കരയാതിരിക്കാൻ പറ്റില്ലെന്നും വാക്കുകൾ ഇടറിക്കൊണ്ട് അനിത പറഞ്ഞു. ഇതിനെല്ലാം പുറമെ ദേവദാസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനുമുണ്ട് പ്രത്യേകത.
ലോറിയിൽ നിൽക്കുന്ന ആനയുടെയും റേഡിയോ കോളർ ഇട്ട ആനയുടെയും ഒക്കെ പടമാണ് ചിഹ്നമായി ആവശ്യപ്പെട്ടത്. എന്നാൽ അത് ബിഎസ്പിയുടെ ചിഹ്നമായതിനാൽ അനുവദിച്ചില്ല. പക്ഷെ ലഭിച്ചത് അരിക്കൊമ്പന് ഏറെ പ്രിയപ്പെട്ടവനായ ചക്കക്കൊമ്പന്റെ പേരിനോട് സാമ്യമുള്ള ചിഹ്നമാണ്. ചക്കയാണ് എന്റെ തെരഞ്ഞെടുപ്പ് ചിഹ്നമെന്നും ദേവദാസ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ 5 നാണ് ഉപതെരഞ്ഞെടുപ്പ്. നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്..ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി.