മണൽ വിതറി മത്സ്യവില്‍പ്പന; മാർക്കറ്റിൽ അമോണിയം കലർന്ന മീൻ, നശിപ്പിച്ചത് ഒന്നും രണ്ടുമല്ല, 288 കിലോ
നാവായിക്കുളം ഇരുപതിയെട്ടാം മൈലിൽനിന്ന് 95 കിലോ, കല്ലമ്പലം മത്സ്യ മാർക്കറ്റിൽ നിന്ന് 103 കിലോ, വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നിന്ന് 90 കിലോ മത്സ്യം ആണ് പിടികൂടിയത്.
തിരുവനന്തപുരം: വർക്കല താലൂക്കിൽ വിവിധ ഇടങ്ങളിലായി മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീനുകളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. 288 കിലോ അമോണിയ കലര്‍ന്ന മത്സ്യമാണ് കണ്ടെത്തി നശിപ്പിച്ചത്. വർക്കല സർക്കിൾ, ചിറയിൻകീഴ് സർക്കിൾ, ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത്, വർക്കല നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
നാവായിക്കുളം ഇരുപതിയെട്ടാം മൈലിൽനിന്ന് 95 കിലോ, കല്ലമ്പലം മത്സ്യ മാർക്കറ്റിൽ നിന്ന് 103 കിലോ, വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നിന്ന് 90 കിലോ മത്സ്യം ആണ് പിടികൂടിയത്. പരിശോധനയ്ക്കിടെ വില്‍പ്പനക്കാര്‍ അമോണിയ കലർന്ന മത്സ്യം മാർക്കറ്റിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞു. തുടർന്ന് പൊലീസിന്‍റെ സാന്നിധ്യത്തിലാണ് മത്സ്യങ്ങൾ നശിപ്പിച്ചത്. മണൽ വിതറി മത്സ്യം വിൽപ്പന നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. പ്രവീൺ പറഞ്ഞു.
ശ്രദ്ധിച്ചറിയാം പഴക്കം
മത്സ്യത്തിന്‍റെ പഴക്കം കുറെയൊക്കെ നന്നായി ശ്രദ്ധിച്ചാൽ അറിയാം. രാസവസ്തുക്കളിൽ കുളിച്ചു വരുന്ന മീനിൻ്റെ മണം തന്നെയാണ് പ്രധാന സൂചന. സൂക്ഷ്മമായ നിറവ്യത്യാസവുമുണ്ടാകാം. വയറുപൊട്ടിയ മൽസ്യം, മത്തിയൊഴികെ, കേടായതാകാം. തൊലി മാംസത്തിൽ നിന്നു വിട്ട് വീർത്തിരിക്കുന്നതും പഴയകിയതിൻ്റെ ലക്ഷണമാണ്. പഴകിയ മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ താഴ്ന്നുപോകും.
രാസവസ്തുക്കളിൽ ഇട്ടിട്ടുണ്ടെങ്കിൽ കണ്ണുകൾക്ക് ഇളം നീല നിറം കാണാം; അങ്ങിനെയുള്ള വലിയ മത്സ്യങ്ങൾ മുറിക്കുമ്പോഴും ഇങ്ങനെ ഇളം നീല നിറം കണ്ടിട്ടുണ്ട്. കൃത്രിമത്വം തോന്നിക്കുന്ന തിളക്കവും ഗന്ധവും രൂക്ഷഗന്ധവും ചീയുന്നതിൻ്റെ ഗന്ധവും ഒക്കെ ശ്രദ്ധിക്കേണ്ടതാണ്. നല്ല മീനാണെങ്കിൽ ചെകിള വിടർത്തി നോക്കിയാൽ ചുവന്ന നിറം കാണാം. കണ്ണുകളിൽ തിളക്കമുണ്ടാകും. മാംസത്തിൽ വിരൽ കൊണ്ടമർത്തി വിട്ടാൽ പെട്ടെന്ന് വലിഞ്ഞ് ദൃഢത കൈവരിക്കുന്നത് കാണാം. ലബോറട്ടറി പരിശോധനകളിലൂടെ മായം ഉറപ്പിക്കാനും എന്ത്, എത്ര അളവിൽ എന്നൊക്കെ അറിയാനും പറ്റും.