ചികിത്സ വൈകി മരണം; 2 ഐസിയു ആംബുലൻസുകളും കട്ടപ്പുറത്ത്, 'സാങ്കേതികത്വം' പറഞ്ഞ് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് തന്നെ ഫൈസലിന്‍റെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും നൽകാൻ കഴിയുന്നതിന്‍റെ പരമാവധി ചികിൽസ കോട്ടത്തറ ആശുപത്രിയിൽ നൽകിയിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്. 

ambulance were not functional which cost life of 25-year-old in palakkad attappady government hospital

പാലക്കാട്: അനുഭവങ്ങളിലൂടെ ഒന്നും പഠിക്കുന്നില്ലെന്ന് വീണ്ടും ഓർമപ്പെടുത്തുകയാണ് അട്ടപ്പാടിയിലെ ചികിത്സാ സംവിധാനത്തിന്റെ പോരായ്മ. ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ആശുപത്രിയിൽ നിന്ന് മാറ്റാനായത് മൂന്ന് മണിക്കൂറിന് ശേഷമാണ്. പക്ഷേ ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്ക് സ്വന്തമായുള്ള രണ്ട് ഐസിയു ആംബുലൻസ് കട്ടപ്പുറത്തായത് കാരണം ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിയാണ് യുവാവിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. 
 
രണ്ട് ഐസിയു ആംബുലൻസുകളും കട്ടപ്പുറത്തായിരുന്നുവെന്നാണ്  കോട്ടത്തറ ട്രൈബൽ സ്പെഷൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ് പത്മനാഭൻ  പറയുന്നത്. പണത്തിന്‍റെ പ്രശ്നമല്ല, സാങ്കേതികത്വം കാരണമാണ് ആംബുലൻസിന്‍റെ തകരാർ പരിഹരിക്കാൻ വൈകിയത്. മറ്റ് മാർഗമില്ലാത്തത് കൊണ്ടാണ് ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിക്കേണ്ടി വന്നതെന്നും പത്മനാഭൻ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് തന്നെ ഫൈസലിന്‍റെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും നൽകാൻ കഴിയുന്നതിന്‍റെ പരമാവധി ചികിത്സ കോട്ടത്തറ ആശുപത്രിയിൽ നൽകിയിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിയ്ക്കാണ് യുവാവ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഫൈസലിനെ ഡോക്ടർമാർ വിദഗ്ധ ചികിൽസ നിർദേശിച്ചെങ്കിലും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐ.സി.യു ആംബുലൻസുണ്ടായിരുന്നില്ല. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾ പോലും മണിക്കൂറുകൾ ആംബുലൻസിന് വേണ്ടി കാത്തു നിൽക്കണം.  അത്യാഹിത ഘട്ടങ്ങളിൽ രോഗിയുമായി ചുരം ഇറങ്ങേണ്ട അവസ്ഥ പരിഗണിച്ചാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ട് സംവിധാനം ഉള്ള രണ്ട് ആംബുലൻസ് അനുവദിച്ചത്. 

എന്നാൽ മാസങ്ങൾക്ക് മുമ്പ് അഗളിയിൽ ഉണ്ടായ ഒരു അപകടത്തിൽ ആംബുലൻസ് തകരാറിലായി. പിന്നീട് പകരം സംവിധാനം ഒരു വർഷത്തോളമായി ഏർപ്പെടുത്തിയിട്ടില്ല. ഇതിനിടെ നിരവധി പേർക്ക് ചികിത്സ വൈകി. കോയമ്പത്തൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു പെൺകുഞ്ഞ് മരിച്ചു. ജീവൻരക്ഷാ ഉപകരണങ്ങൾ ഉള്ള രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ ആറെണ്ണമാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഉള്ളത്. ഇതിൽ തകരാറിലായ രണ്ട് വാഹനങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം ആശുപത്രി അധികൃതർ നൽകുന്നുമില്ല. 12 ഡ്രൈവർമാർ വേണ്ടയിടത്ത് നിലവിൽ ആകെയുള്ളത് 6 പേർ. ആംബുലൻസ് ഉണ്ടെങ്കിലും ഓടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.

Read More :  മദ്യപിക്കാൻ പണം നൽകിയില്ല; വിളപ്പിൽശാലയിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios