നെടുപുഴയില്‍ വാടക വീടെടുത്ത് എംഡിഎംഎ തൂക്കി വിറ്റ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചയാളാണ് മനക്കൊടി സ്വദേശി ആല്‍വിന്‍
തൃശൂർ: എംഡിഎംഎ തൂക്കി വിറ്റ കേസില്‍ കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ പ്രതി ആല്‍വിനെ പിടികൂടിയത് ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍. ബന്ധുക്കള്‍ക്കെത്തിയ ഫോണ്‍ കോളുകളും പ്രതിയുടെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. തെളിവെടുപ്പിനിടെ ചാടിപ്പോയ ആല്‍വിനെ രക്ഷപ്പെടുത്തുകയും നാട്ടിലെത്തിക്കുകയും ചെയ്തത് സഹോദരങ്ങളാണെന്ന് പൊലീസ് കണ്ടെത്തി.
നെടുപുഴയില്‍ വാടക വീടെടുത്ത് എംഡിഎംഎ തൂക്കി വിറ്റ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചയാളാണ് മനക്കൊടി സ്വദേശി ആല്‍വിന്‍. ആല്‍വിനുമായി ബെംഗളൂരുവിലേക്ക് തെളിവെടുപ്പിനായി കഴിഞ്ഞ മാസം 29 ന് പൊലീസ് സംഘം പോകുന്നതിനിടെ ഹൊസ്സൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പ്രതി രക്ഷപ്പെടുന്നത്. ഹോട്ടലിന്‍റെ ഗേറ്റ് ചാടിക്കടക്കുന്നതിനിടെ ആല്‍വിന്‍റെ കൈ മുറിഞ്ഞിരുന്നു. പിന്നീട് ബൈക്കിലും ലോറിയിലും ലിഫ്റ്റ് ചോദിച്ച് ആല്‍വില്‍ ആര്‍കെ പുരത്തെത്തി. അവിടെ നിന്ന് മറ്റൊരാളിന്‍റെ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ടു. കാമുകിയെയും വിളിച്ചു. തൊട്ടടുത്ത ദിവസം അമ്മയുടെ സഹോദരിയുടെ മകന്‍ അവിടത്തെ ഒരു ബേക്കറിയുടമയുടെ നമ്പരിലേക്ക് ഗൂഗിള്‍ പേയില്‍ പണം അയച്ചു. പിന്നീട് ആല്‍വിന്‍റെ സഹോദരനായ ലോറി ഡ്രൈവറും മാതൃസഹോദരി പുത്രന്മാരും ബൈക്കിലും കാറിലുമായി ബെംഗളൂരുവിലെത്തി. ആല്‍വിന്‍റെ കാലിലെ വിലങ്ങ് അറുത്തുമാറ്റിക്കൊടുത്തത് ഇവരായിരുന്നു. പിന്നീട് ഇവരുടെ സഹായത്തോടെ നാട്ടിലെത്തി.
തളിക്കുളത്തും ആറാം കല്ലിലും നാട്ടികയിലും ഒളിവില്‍ കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിശദാംശങ്ങളും പിന്തുടര്‍ന്ന് പൊലീസ് പ്രതിക്കൊപ്പമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ പൊന്നാനിയില്‍ കാത്തുനിന്ന് തൃശൂര്‍ സിറ്റി എസിപി സലീഷ് ശങ്കരന്‍റെ സസ്വാഡ് അംഗങ്ങളായ ഹരീഷിന്‍റെയും ദീപക്കിന്‍റെയും മുന്നില്‍ പ്രതി വന്നുപെട്ടു. പ്രതിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരങ്ങള്‍ളെയും പ്രതിചേര്‍ത്ത് ഹൊസ്സൂര്‍ പൊലീസ് കേസെടുക്കും. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിനും ഹൊസ്സൂര്‍ പൊലീസ് ആല്‍വിനെതിരെ കേസെടുത്തിട്ടുമുണ്ട്. ബെംഗളൂരുവില്‍ നിന്ന് തൃശൂർ മേഖലയിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ആല്‍വിനെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ആല്‍വില്‍ ബെംഗളൂരുവില്‍ നിന്ന് നിരവധി തവണ എംഡിഎംഎ കടത്തിയിട്ടുണ്ട്. ഈ പണം കൊണ്ട് ബൈക്കുകളും കാറുകളും ഇയാള്‍ വാങ്ങിയതായും പൊലീസിന് വിവരമുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്നും നെടുപുഴ പൊലീസ് അറിയിച്ചു.
