മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ ഇടിച്ചു; ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു
മെഡിക്കൽ സ്റ്റോറിൽ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഹരിപ്പാട്: ആലപ്പുഴയിൽ സ്‌കൂട്ടർ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുതുകുളം വടക്ക് കളത്തിൽ വീട്ടിൽ ജെ. ചന്ദ്രബാബു(56)വാണ് മരിച്ചത്. ക്രിസ്തുമസ് ദിവസം രാത്രി ഏഴേകാലോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ മുതുകുളം ഉമ്മർമുക്കിലായിരുന്നു അപകടം. റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ ഇടിച്ചത്.
മെഡിക്കൽ സ്റ്റോറിൽ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പി. അമ്പിളി. മക്കൾ: കെ.സി. ചന്ദ്രകാന്ത്, കെ.സി. സൂര്യകാന്ത്. മരുമക്കൾ: അശ്വതി അശോകൻ, മായാലക്ഷ്മി.
Read More : കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശി മരിച്ചു
ആലപ്പുഴയിൽ ഇന്ന് ടിപ്പർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിലും ഒരാൾ മരിച്ചിരുന്നു. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു.