മദ്യം വഴിയിൽ കിടന്നതല്ല, സുധീഷ് മെനഞ്ഞ തന്ത്രം; ഉന്നമിട്ടത് മനോജിനെ, മരിച്ചത് കുഞ്ഞുമോൻ! സംശയം നിർണായകമായി
ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കം കാരണമാണ് മനോജിനെ കൊല്ലാൻ സുധീഷ് തീരുമാനിച്ചതും മദ്യത്തിൽ വിഷം കലർത്തിയതും
ഇടുക്കി: അടിമാലിയിൽ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വഴിയില്‍ കിടന്ന മദ്യം കുടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ബോട്ടിലിൽ സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. ഒടുവിൽ കുറ്റവാളി തന്നെ എല്ലാം സമ്മതിച്ചു. മദ്യം വഴിയിൽ കിടന്ന് കിട്ടിയതായിരുന്നില്ല. കൊലപാതകം നടത്താനായി സുധീഷ് കരുതിക്കൂട്ടി വിഷം കലർത്തി കൊണ്ടവന്നതായിരുന്നു. മദ്യം കുടിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധുവാണ് പ്രതിയായ സുധീഷ്. കുഞ്ഞുമോനെ കൊലപ്പെടുത്താനായിരുന്നില്ല സുധീഷ് ലക്ഷ്യമിട്ടിരുന്നത്. കൂടെ കുടിക്കാനുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കം കാരണമാണ് മനോജിനെ കൊല്ലാൻ സുധീഷ് തീരുമാനിച്ചതും മദ്യത്തിൽ വിഷം കലർത്തിയതും. ഇക്കാര്യം പ്രതി സമ്മതിച്ചെന്ന് ഇടുക്കി എസ് പി വ്യക്തമാക്കി.
ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ശേഷം വഴിയിൽ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞ് മദ്യം കൊണ്ടുപോയി കൊടുക്കുകയായിരുന്നു എന്നും സുധീഷ് പൊലീസിനോട് വിവരിച്ചു. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. ജനുവരി എട്ടാം തിയതി രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയെന്ന് പറഞ്ഞ് സുധീഷ് ഇവർക്ക് വിഷം കലർത്തിയ മദ്യം നൽകിയത്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് ഇത് കുടിക്കുകയും പിന്നീട് അവശനിലയിലാകുകയും ചെയ്യുകയായിരുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെയാണ് കുഞ്ഞുമോൻ മരിച്ചത്.