വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി ഉറങ്ങിക്കിടന്ന 15 കാരനോട് ലൈംഗികാതിക്രമണം, പ്രതിക്ക് നാല് വർഷം തടവ് ശിക്ഷ
2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം
ആലപ്പുഴ: പതിനഞ്ച് വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെത്തിയിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ ബാസ്റ്റിനെ (39) യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി വാണി കെ എം ശിക്ഷിച്ചത്. 2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഐ പി സി, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധു, സബ് ഇൻസ്പെക്ടർ ഡി സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം