82-കാരിയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും പിഴയും
82 -കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1,40,000 രൂപ പിഴയും
തിരുവനന്തപുരം: 82 -കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1,40,000 രൂപ പിഴയും. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുധീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്. 2018 -ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടിൽ നിന്നും പാങ്ങോട് തെറ്റിയോട് കോളനി ചരുവിള വീട്ടിൽ താമസിക്കുന്ന സുമേഷ് ചന്ദ്രൻ ( 27 ) ആണ് പ്രതി.
ആന പാപ്പാനായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത് സിസി ടിവി ദൃശ്യങ്ങളിലൂടെയായിരുന്നു. സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലേക്ക് വനപ്രദേശത്തിലൂടെയുള്ള വഴിയേ പോവുകയായിരുന്നു വയോധിക. ഇതിനിടെ മരത്തിന് പിന്നിൽ പതിയിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു. ബലമായി വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കി സ്വർണ മാല കവർന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിനു ശേഷം വയോധിക സമനില തെറ്റിയ നിലയിലായി.
26 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയ കേസിൽ 24 പേരെയും വിസ്തരിച്ചു. 24 രേഖകളും 10 തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്തലി ഹാജരായി. ലെയ്സൺ ഓഫീസർ സുനിത സഹായിയായി. പാങ്ങോട് ഇൻസ്പെക്ടർ എൻ സുനീഷ്, ബി അനിൽ കുമാർ , പി അനിൽ കുമാർ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
Read more: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി സജാലാല്‍ അറസ്റ്റില്‍
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയുമാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയില്‍ സ്വദേശി അഖില്‍ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും നല്‍കിയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നല്‍കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.