ചാറ്റിൽ വിശ്വാസം നേടി, ലിങ്ക് അയച്ച് കൊടുത്തു, ക്ലിക്ക് ചെയ്തതോടെ കൈക്കലാക്കിയത് 30 ലക്ഷം; ഒടുവിൽ പിടിവീണു
കളപ്പുര സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പറ്റിച്ചത്
ആലപ്പുഴ: കളപ്പുര സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് ചാറ്റ് ചെയ്ത് വിശ്വസിപ്പിക്കുകയും വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്ത പ്രതികളിലൊരാൾ അറസ്റ്റിൽ. തെലുങ്കാന ബാബാനഗർ സ്വദേശി മുഹമ്മദ് അദ്നാനിനെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജ്, എസ് ഐ ശരത്ചന്ദ്രൻ വി എസ്, സി പി ഓമാരായ റികാസ് കെ, ജേക്കബ് സേവിയർ, ആരതി കെ യു എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പയ്യന്നൂരിൽ പൊലീസെന്ന വ്യാജേനയെത്തുന്ന അജ്ഞാതൻ കടകളിൽ കയറി പണം വാങ്ങുന്നതായി പരാതി ഉയർന്നതാണ്. പയ്യന്നൂർ എസ് ഐയാണെന്ന് പറഞ്ഞാണ് പണം തട്ടുന്നതെന്നാണ് പരാതി. കഴിഞ്ഞ സെപ്തംബർ മുതൽ വിവിധ കടകളിൽ ഈ അഞ്ജാതനെത്തിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പയ്യന്നൂർ എസ് ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് വാഗ്ദാനവും നൽകും. പണം വാങ്ങി പോയാൽ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകൾക്ക് അമളി മനസിലാവുക. ഈ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായെന്നാണ് വിവരം. പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളെത്തുന്നത്. മിക്കപ്പോഴും ചെറുകിട വ്യാപാര സ്ഥാപനങ്ങളാവും ലക്ഷ്യം.കടം വാങ്ങുന്നത് ചെറിയ തുകയായതിനാൽ പരാതി നൽകാൻ പലരും തുനിഞ്ഞിരുന്നില്ല. എന്നാൽ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പുകാരനെത്തിയ കടകളിലെത്തി പയ്യന്നൂർ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതിയെന്ന സംശയിക്കുന്ന ഒരാൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം