ഇതുവരെ മരിച്ചത് 12 പേര്‍; മണ്ണുത്തി- വടക്കഞ്ചേരി ആറുവരി പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ, അനങ്ങാതെ അധികൃതര്‍
കഴിഞ്ഞ മാസം നീലിപ്പാറയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതാണ് അവസാനത്തെ സംഭവം.
തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ആറു വരിപ്പാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കാന്‍ ദേശീയപാത അതോറിറ്റിയും നിര്‍മാണ കമ്പനിയും തയാറാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെ വിവിധ അപകടങ്ങളില്‍ മരിച്ചത് 12 പേരാണ്. കഴിഞ്ഞ മാസം നീലിപ്പാറയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതാണ് അവസാനത്തെ സംഭവം.
കഴിഞ്ഞദിവസം പന്തലാംപാടത്ത് യു-ടേണ്‍ കടക്കുമ്പോള്‍ ബൈക്ക് യാത്രികനെ ആറുവരിപ്പാതയിൽ വന്ന കാര്‍ ഇടിച്ചു. ബൈക്കിന്റെ പുറകുവശത്താണ് ഇടിയേറ്റത്. ഭാഗ്യം കൊണ്ടാണ് യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാകുമ്പോള്‍ നിര്‍മാണ അപാകതകള്‍ കണ്ടെത്താന്‍ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ സര്‍വീസ് റോഡ് പലഭാഗത്തും തകര്‍ന്നിട്ടുണ്ട്. റോഡിന്റെ പല ഭാഗത്തും നിരപ്പുവ്യത്യാസം പ്രകടമാണ്. ചിലയിടങ്ങളില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
തേനിടുക്കില്‍ വെള്ളം കെട്ടിനിന്ന് യാത്രാക്ലേശം രൂക്ഷമായി. വെള്ളച്ചാലുകള്‍ മിക്കഭാഗത്തും ഇല്ലാത്തതുമൂലം പറമ്പുകളില്‍ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പന്നിയങ്കര-വാണിയമ്പാറ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായി. യാതൊരുവിധ സുരക്ഷയും ഇവിടെയില്ല.
സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടകരമായ സ്ഥലങ്ങളില്‍ സുരക്ഷാവേലി നിര്‍മിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. അഴുക്കുചാലുകളുടെ നിര്‍മാണ അപാകത കാരണം ദേശീയപാതയോരത്തുള്ള വീടുകളിലും വെള്ളം കയറുന്നതായി വീട്ടുകാര്‍ പറഞ്ഞു. ആറുവരിപ്പാത നിര്‍മാണം തുടങ്ങിയശേഷം ജനകീയ സമരത്തെത്തുടര്‍ന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ പദ്ധതികളില്‍ വാണിയമ്പാറ അടിപ്പാതയുടെ നിര്‍മാണം മാത്രമാണ് നടന്നത്. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമായതോടെയാണ് അടിപ്പാത നിര്‍മാണം തുടങ്ങിയത്.