മത്സരിച്ച് പാഞ്ഞു വന്നു, വിഴിഞ്ഞത്ത് രണ്ട് ജീവനെടുത്ത് ബൈക്ക് റേസിംഗ് - വീഡിയോ

ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം. 

Accident Among Bike Race In Vizhinjam Bypass Two Youth Dead CCTV Visuals Out

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടാകുന്നത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപം അമിതവേഗതയിൽ പരസ്പരം എതിർവശത്ത് നിന്ന് പാ‌ഞ്ഞ് വരുന്ന രണ്ട് ബൈക്കുകൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്ത് എത്തുമ്പോൾ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനം നിയന്ത്രിക്കാനാവാതെ വണ്ടികൾ കൂട്ടിയിടിച്ച് രണ്ട് ബൈക്കുകളിലെയും യുവാക്കൾ തെറിച്ച് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  

വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെക്കൂടി നാല് വാഹനങ്ങൾ അമിതവേഗതയെത്തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറയുന്നു. 

വീഡിയോ കാണാം:

 

Latest Videos
Follow Us:
Download App:
  • android
  • ios