ആരോഗ്യം വീണ്ടെടുക്കാതെ പൊക്കിൾകൊടിയിൽ മുറിവോടെ കണ്ടെത്തിയ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച പിടിയാനക്കുട്ടി
2023 ഒക്ടോബര്‍ 26ന് കുത്തനടി ഭാഗത്താണ് ആനക്കുട്ടിയെ കണ്ടത്. ചികിത്സ തുടരവെ 2024 ഓഗസ്റ്റ് 11ന് പെട്ടെന്ന് ആനക്കുട്ടിയുടെ പിന്‍കാലുകള്‍ തളര്‍ന്നു.
പാലക്കാട്: മണ്ണാർക്കാട് കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ കണ്ട ആനക്കുട്ടി പൂര്‍ണ്ണ ആരോഗ്യസ്ഥിതിയില്ലെത്തിയിട്ടില്ലെന്ന് വനംവകുപ്പ്. മണ്ണാര്‍ക്കാട് ഡിവിഷന്‍ അഗളി ഫോറസ്റ്റ് റേഞ്ചില്‍ ഷോളയൂര്‍ സ്റ്റേഷന് പരിധിയിലെ കുത്തനടി ഭാഗത്തുനിന്നാണ് കാട്ടാനക്കൂട്ടം ഉപേക്ഷിച്ച് പൊക്കിള്‍ ഭാഗത്ത് മുറിവോടെ പിടിയാനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചികിത്സിച്ചു വരികയാണെന്ന് പാലക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. 2023 ഒക്ടോബര്‍ 26ന് കുത്തനടി ഭാഗത്താണ് ആനക്കുട്ടിയെ കണ്ടത്.
തുടര്‍ന്ന് 2023 ഒക്ടോബര്‍ 31 നാണ് ധോണി ആന ക്യാമ്പിലേക്ക് ആനക്കുട്ടിയെ കൊണ്ടുവന്നത്. ഡേവിഡ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ തുടരവെ 2024 ഓഗസ്റ്റ് 11ന് പെട്ടെന്ന് ആനക്കുട്ടിയുടെ പിന്‍കാലുകള്‍ തളര്‍ന്നു കിടപ്പിലാവുകയുണ്ടായി. അതേദിവസം വെറ്റിനറി സര്‍ജന്‍ ഡോ.ജോജുവും ഓഗസ്റ്റ് 12ന് പുതുപ്പെരിയാരം വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍ സുധിയും പരിശോധന നടത്തി ചികിത്സ നല്‍കുകയുണ്ടായി. പിന്നീട് മണ്ണുത്തി വെറ്റിനറി കോളേജിലെ ഡോ.ശ്യാം.കെ.വേണുഗോപാല്‍ ആനക്കുട്ടിയെ പരിശോധിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഓഗസ്റ്റ് 13ന് ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ വെറ്റിനറി ഹോസ്പിറ്റലില്‍ നിന്നെത്തിച്ച കൗ ലിഫ്റ്ററിന്റെ സഹായത്തോടെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും തുടര്‍ന്ന് ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചികിത്സ തുടരുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 16ന് നിലമ്പൂരില്‍ നിന്നുളള എ.എഫ്.വി.ഒ ഡോ.ശ്യാമിന്റെ സഹായവും ചികിത്സയില്‍ ലഭ്യമായി. ഓഗസ്റ്റ് 17ന് കോയമ്പത്തൂരില്‍ നിന്ന് തെര്‍മല്‍ ക്യാമറ എത്തിച്ച് പരിശോധന നടത്തുകയും തൃശൂര്‍ മൃഗശാലയില്‍ നിന്നുളള ഡോ.മിഥുനും ചികിത്സ നല്‍കിയെങ്കിലും ആനക്കുട്ടി നാളിതുവരെ പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് ഡി.എഫ്.ഒ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം