മാസം 9 ആയി, മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വിവരമില്ലാതെ തൃശൂർ പൊലീസ്
തൃശ്ശൂർ എരനെല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചശേഷം കാറിൽ വരികയായിരുന്നു.
തൃശൂർ: ലുക്കൗട്ട് നോട്ടീസിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും മണവാളനെന്ന യൂ ട്യൂബർ മുഹമ്മദ് ഷഹീൻ ഷായെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ തൃശ്ശൂർ പൊലീസ്. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ഏപ്രിൽ മുതൽ മുഹമ്മദ് ഷഹീൻ ഷാ ഒളിവിലാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂർ എരനെല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചശേഷം കാറിൽ വരികയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാർത്ഥികളുമായി വാക്കുതർക്കമായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടർന്നു. 26കാരനായ മണവാളനായിരുന്നു കാർ ഓടിച്ചിരുന്നത്. ഇതിനിടെ കാറുകൊണ്ട് ബൈക്ക് ഇടിച്ചുവീഴ്ത്തി.
സംഭവത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ മുഹമ്മദ് ഷഹീൻ ഷാ ഒളിവിൽ പോയി. പിന്നീടിതുവരെ യാതൊരു സൂചനയും പൊലീസിന് കിട്ടിയിട്ടുമില്ല. കഴിഞ്ഞ മാസം 24നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നിട്ടും കേസിൽ മുഹമ്മദ് ഷഹീനെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
https://www.youtube.com/watch?v=Ko18SgceYX8