സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം
വീടിന് മുന്നിലെ വന്‍മരത്തില്‍ രണ്ടുമാസം മുമ്പാണ് വവ്വാലുകള്‍ ചേക്കേറിയത്. പിന്നെയത് പെരുകി. പകലും രാത്രിയുമില്ലാത്ത നിലവിളികള്‍. ഇന്ന് മരങ്ങളിലാകെ വവ്വാലുകളാണ്
തൃശൂര്‍: വവ്വാലുകളെക്കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം. ദേശമംഗലത്തിനടുത്ത് പള്ളത്താണ് മരങ്ങള്‍ക്ക് മുകളില്‍ കൂടുകൂട്ടിയ വവ്വാലുകള്‍ സ്വൈര്യ ജീവിതം മുട്ടിക്കുന്നത്. സന്ധ്യയായാല്‍ തുടങ്ങും കൂട്ടത്തോടെയുള്ള ചിറകടികളും കരച്ചിലും. ആനങ്ങോട്ടുവളപ്പില്‍ നാരായണന്‍ കുട്ടിയും ജാനകിയും സ്വസ്ഥമായൊന്നുറങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി.
ഇത്തിരി റബ്ബറും കമുകും തെങ്ങുമൊക്കെയായി അല്ലലില്ലാതെ കഴിയുകയായിരുന്നു ഈ കുടുംബം. വീടിന് മുന്നിലെ വന്‍മരത്തില്‍ രണ്ടുമാസം മുമ്പാണ് വവ്വാലുകള്‍ ചേക്കേറിയത്. പിന്നെയത് പെരുകി. പകലും രാത്രിയുമില്ലാത്ത നിലവിളികള്‍. ഇന്ന് മരങ്ങളിലാകെ വവ്വാലുകളാണ്. മണ്ണും വെള്ളവുമൊക്കെ മലിനമായി. അയല്‍വക്കത്തെ മരങ്ങളിലേക്കും വളര്‍ന്നു വവ്വാല്‍പട.
വീടിന് മുന്നിലെ കാവിലെ മരമായതിനാല്‍ പ്രശ്നം വച്ചുനോക്കി. തടിനിര്‍ത്തി ചില്ല കോതാനാണ് തീരുമാനം. അപ്പോഴും റബ്ബര്‍ മരങ്ങളില്‍ ചേക്കേറിയതിനെ എന്തു ചെയ്യുമെന്ന് ഉത്തരമില്ല. പഞ്ചായത്ത്, വനം വകുപ്പ് എന്നിങ്ങനെ മുട്ടാത്ത വാതിലുകളില്ല. തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ഭാരം ആര് ഒഴിപ്പിച്ചു തരുമെന്നാണ് ജാനകിയും നാരായണന്‍ കുട്ടിയും ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം