കോളേജിലെ മിന്നുംതാരം, ജീവിതത്തിരക്കില്‍ നഷ്ടമായ അക്കാലം 90ആം വയസ്സില്‍ ഓടി തിരിച്ചുപിടിച്ച് തോമസ്
എല്ലാവരും കുറേ ഓടണം, വൈകുന്നേരമൊക്കെ പറ്റും പോലെ ഓടണം, പട്ടി കടിക്കാതെ നോക്കണം എന്നാണ് ഉപദേശം.
തിരുവനന്തപുരം: പ്രായം ഓട്ടത്തിനൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തൊണ്ണൂറുകാരനായ കെ എം തോമസ്. അമേരിക്കയിലെ മാസ്റ്റേഴ്സ് ഓട്ട മത്സരങ്ങളിലെ നിത്യ സാന്നിധ്യമാണ് തോമസ്.
1953ലാണ് ആദ്യമായി കോഴഞ്ചേരി കോളേജില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ എല്ലാവരെയും തോല്‍പ്പിച്ചത്. അന്നത്തെ പ്രിന്‍സിപ്പാള്‍ തന്നെ പൊക്കിയെടുത്ത് അഭിനന്ദിച്ചെന്ന് തോമസ് പറഞ്ഞു.
കോളേജ് കാലഘട്ടത്തിൽ കായിക മത്സരങ്ങളിൽ മിന്നും താരമായിരുന്നു തോമസ്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെത്തി. ജീവിത തിരക്കിനിടയിൽ കായിക മത്സരങ്ങളിൽ നിന്ന് അകന്നു. 60 പിന്നിട്ടതോടെ അമേരിക്കയിലെ മക്കളുടെ അടുത്തേക്ക്. നഷ്ടപ്പെട്ട കാലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് തോമസ്. ഷിക്കാഗോയിലെ മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുത്ത് തുടക്കം.
അമേരിക്കയിലെ പലയിടങ്ങളിലെ പല മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി മെഡലുകൾ നേടി. പ്രായം ഇപ്പോൾ തൊണ്ണൂറിലെത്തി. ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇപ്പോഴും മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുറവില്ല. കേരളത്തിലെ യുവാക്കൾക്ക് ഉപദേശവും നൽകിയാണ് ഓട്ടക്കാരൻ അപ്പൂപ്പൻ ബൈ പറഞ്ഞത്. എല്ലാവരും കുറേ ഓടണം, വൈകുന്നേരമൊക്കെ പറ്റും പോലെ ഓടണം. പട്ടി കടിക്കാതെ നോക്കണം എന്നാണ് ആ ഉപദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം