'30 വർഷം മുൻപ് പ്രേമിച്ച് വിവാഹിതരായി', ഭർത്താവിന്റെ കാല് അടിച്ചൊടിക്കാൻ ക്വട്ടേഷൻ, 61കാരി അറസ്റ്റിൽ
അഡ്വാൻസ് കൈപ്പറ്റിയ അക്രമി സംഘം 62കാരന്റെ രണ്ട് കാലും വലതു കയ്യും തല്ലിയൊടിച്ചിരുന്നു. എഴുന്നേൽക്കാൻ പോലുമാവാതെ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്
![61 year old woman pays money trio to get husbands legs broken, arrested 9 February 2025 61 year old woman pays money trio to get husbands legs broken, arrested 9 February 2025](https://static-gi.asianetnews.com/images/01jkmy126gvqncenmj1ek42az1/husband-attacked_363x203xt.jpg)
കലബുറഗി: ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നൽകിയത്. കൽബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.
മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച് വിവാഹം കഴിഞ്ഞിട്ട്. അടുത്തിടെയായി ഭർത്താവിന് തന്നോട് താൽപര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്. ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനിൽ എന്നിവർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഓരോരുത്തർക്കും ഇതിനായി ഉമാദേവി അഡ്വാൻസും നൽകി. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.
എന്നാൽ ഭാര്യ ക്വട്ടേഷൻ നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയിൽമോചിതയായാൽ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനുവരി 18നായിരുന്നു 62കാരൻ ആക്രമിക്കപ്പെട്ടത്. അൻപതിനായിരം രൂപ വീതമാണ് 61കാരി ക്വട്ടേഷന് അഡ്വാൻസ് തുക നൽകിയത്. ബ്രഹ്‌മപുര പൊലീസാണ് കേസിൽ 62കാരന്റെ ഭാര്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം