Asianet News MalayalamAsianet News Malayalam

കൂടോത്രം ചെയ്ത വസ്തുക്കൾ 'ദിവ്യദൃഷ്ടി'യിൽ കണ്ടെത്തും, പിന്നാലെ അക്കൌണ്ട് കാലിയാക്കും, വ്യാജസിദ്ധൻ പിടിയിൽ

സഹായിയെ ഉപയോഗിച്ച് പ്രവാസിയുടെ സുഹൃത്തിന്റെ വീടിന് പിന്നിൽ ഏലസുകളും മറ്റും കുഴിച്ചിടുന്നത് സിസിടിവിയിൽ പതിഞ്ഞതോടെയാണ് സിദ്ധന്റെ തട്ടിപ്പ് പുറത്തായത്. പ്രവാസി വ്യാപാരികളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്

51 year old man dupes as sorcerer held for cheating
Author
First Published Oct 10, 2024, 12:06 PM IST | Last Updated Oct 10, 2024, 12:06 PM IST

തൃശൂർ : പ്രവാസി ബിസിനസുകാരന്റെ  അടുത്തുനിന്നും  മന്ത്രവാദി ചമഞ്ഞ്  പണം തട്ടിയ  തട്ടിപ്പുകാരൻ  അറസ്റ്റിൽ. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രവാസി ബിസിനസുകാരാണ് ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും. തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക്  കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാള്‍ പിന്നീട് ഉടമകള്‍ അറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ കുഴിച്ചിടും.

പിന്നീട് ഇയാള്‍ തന്നെ തന്റെ 'ദിവ്യദൃഷ്ടി'യില്‍ ഇവ കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 

ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവർത്തിയിൽ  വിശ്വാസം തോന്നിയ  പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാളെ നിയോഗിച്ചു. 
പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ
പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകള്‍ പുറത്തെടുത്തു. 

എന്നാല്‍ ഇവര്‍ പോയശേഷം ഇവിടത്തെ സിസിടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍നിന്ന് ഏലസുകള്‍ എടുത്ത് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി. പ്രവാസിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തില്‍ പിടികൂടുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.
കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ആണ് പ്രതിയെ പിടികൂടിയത്. പല സ്ഥലങ്ങളിലും സമാന
രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ സി.എം. ക്ലീറ്റസ്, സുധാകരന്‍ സീനിയര്‍ സി.പി.ഒമാരായ എന്‍.എല്‍. ജെബിന്‍, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, രാഹുല്‍ അമ്പാടന്‍, സോണി സേവ്യര്‍, സൈബര്‍ സെല്‍ സി.പി.ഒ. സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios