അമ്മവീട്ടിൽ വിരുന്നിനെത്തിയ 12കാരിക്ക് പീഡനം, മഞ്ചേരിയിൽ 42കാരനായ ബന്ധുവിന് 18 വർഷം കഠിന തടവും പിഴയും

മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുട്ടി അമ്മ വീട്ടിൽ നിന്ന് വിരുന്നിന് പോയപ്പോഴാണ് മാതൃസഹോദരി ഭർത്താവ് പീഡിപ്പിച്ചത്

42 year old man gets 18 year in prison for sexually assaulting minor girl in malappuram

മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 42കാരനായ ബന്ധുവിന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി 18 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ. എം. അഷ്റഫ് ശിക്ഷിച്ചത്. 2018 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2016 മുതൽ അതിജീവിതയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വയനാട് അമ്പലവയലിലെ വീട്ടിൽ പിതാവിനും രണ്ട് സഹോദരങ്ങൾക്കുമൊപ്പമാണ് അതിജീവിത താമസിച്ചിരുന്നത്. ഇവിടെ നിന്നും മാതാവ് കുട്ടികളെ സ്വന്തം വീടായ ഇരുമ്പുഴിയിലേക്ക് കൊണ്ടു വരികയായിരുന്നു. അമ്മ വീട്ടിൽ നിന്ന് മാതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു കുട്ടിയെ രാത്രി മാതൃസഹോദരിയുടെ ഭർത്താവ് ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വർഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം.

തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ തുക അതിജീവിതക്ക് നൽകണം. കൂടാതെ സർക്കാരിൻറെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.മഞ്ചേരി പൊലീസ് എസ്ഐമാരായിരുന്ന ഇ. ആർ. ബൈജു, പി. കെ. അബുബക്കർ എന്നിവരാണ് കേസന്വേഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സോമസുന്ദരൻ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. അസി. എസ്ഐ എൻ. സൽമയായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫീസർ. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios