ബൈക്കില്‍ പോകുന്ന കുഴല്‍പ്പണക്കാരെ ഉന്നമിടും, കൊള്ളയടിച്ച് വഴിയില്‍ തള്ളും; കോഴിക്കോട് 4 അംഗ സംഘം പിടിയില്‍
കോഴിക്കോട് കടമേരി സ്വദേശി ജെയ്‌സലിനെ ആക്രമിച്ച് ഏഴ് ലക്ഷം രൂപ കവരുകയും വെള്ളിയൂരില്‍ ഉപേക്ഷിച്ച സംഘത്തിന്റെ കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു
കോഴിക്കോട്: ബൈക്കില്‍ സഞ്ചിരിക്കുന്ന കുഴല്‍പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് വഴിയില്‍ ഉപേക്ഷിക്കുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍. പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) എന്നിവരെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് പിടികൂടിയത്.
ബൈക്കില്‍ വരുന്ന കുഴല്‍പ്പണ വിതരണക്കാരെ പിന്‍തുടര്‍ന്ന് പിടികൂടുകയും വഹനത്തില്‍ കയറ്റി മര്‍ദ്ദിച്ച് പണം കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിക്കുന്നതുമാണ് ഇവരുടെ രീതി. കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് കോഴിക്കോട് കടമേരി സ്വദേശി ജെയ്‌സലിനെ ആക്രമിച്ച് ഏഴ് ലക്ഷം രൂപ കവരുകയും വെള്ളിയൂരില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഇവരായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാഹിയിലെ ലോഡ്ജില്‍ നിന്ന് നാല് പേരെയും പിടികൂടിയത്. പേരാമ്പ്ര ഡിവൈ എസ്പി വിവി ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്‌ഐ ഷമീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിഎം സുനില്‍ കുമാര്‍, വിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ വിസി ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം