'വഴിത്തിരിവായത് ഉസ്താദിന്‍റെ ക്ലാസ്', അഞ്ചാം ക്ലാസുകാരി ദുരനുഭവം വെളിപ്പെടുത്തി, പ്രതിക്ക് 30 വർഷം കഠിന തടവ്
വീട്ടുകാർ വടക്കേക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്
തൃശൂർ: അഞ്ചാം ക്ലാസ് വിദ്യർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് കുന്നംകുളം പോക്സോ കോടതി 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. എടക്കര പുത്തൻതറയിൽ വീട്ടിൽ അഷറഫി (54) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.
2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിൻ്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 ൽ എടക്കര മദ്രസയിൽ മതപഠന ക്ലാസിൽ ഉസ്താദിൻ്റെ ക്ലാസ് കേട്ടതിനെ തുടർന്ന് അതിജീവിത കരയുകയും കൂട്ടുകാരികൾ കാണുകയും ചെയ്തിരുന്നു. ഈ കൂട്ടുകാരികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. വീട്ടുകാർ വടക്കേക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വനിത പൊലീസ് കെ ജി ബിന്ദു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ ഓഫ് പോലീസ് അമൃത രംഗനാണ് പ്രതിക്കെതിരെ കുറ്റം പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് അഡ്വക്കേറ്റ്മാരായ രഞ്ജിക ചന്ദ്രൻ, കെ എൻ അശ്വതി, സിന്ധു മഹേഷ്കുമാർ എന്നിവർ ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി എ എസ് ഐ എം. ഗീതയും പ്രവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം