മഴ ശക്തം, നദിയിലിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ചു? ഭാര്യയും ഭർത്താവും ബന്ധുവും മുങ്ങിമരിച്ചു
രാജ കുളിക്കുന്നതിനിടെ നദിയില്‍ നീരൊഴുക്ക് ശക്തമായതാണ് പ്രശ്നമായത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാവ്യയും അമ്മാവന്‍ സഞ്ജയനും അപകടത്തില്‍പ്പെട്ടത്.
തേനി: വിനോദസഞ്ചാരികളായെത്തിയ നവ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ബോഡിനായ്ക്കന്നൂരിനടുത്തുള്ള ഗോമ്പായി നദിയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. രാജ, ഭാര്യ കാവ്യ ഇവരുടെ ബന്ധുവായ സഞ്ജയന്‍ എന്നിവരാണ് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒരുമാസം മുമ്പാണ് രാജ - കാവ്യ ദമ്പതികൾ വിവാഹിതരായത്. കഴിഞ്ഞ ദിവസം അമ്മാവന്‍റെ വീട്ടിലെത്തിയ ഇരുവരും സമീപത്തെ നദിയില്‍ കുളിക്കാന്‍ പോയി. രാജ കുളിക്കുന്നതിനിടെ നദിയില്‍ നീരൊഴുക്ക് ശക്തമായതാണ് പ്രശ്നമായത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാവ്യയും അമ്മാവന്‍ സഞ്ജയനും അപകടത്തില്‍പ്പെട്ടത്.
അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ തന്നെ പൊലീസിനെയും അഗ്നിശമനസേനയേയും വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും ചേർന്നാണ് മുങ്ങി താഴ്ന്ന മൂവരെയും പുറത്തെടുത്തത്. തമിഴ്‌നാട്ടില്‍ മഴ ശക്തമായതോടെ നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ആരും കുളത്തിലോ നദിയിലോ ഇറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് അവഗണിച്ച് നദിയിൽ കുളിക്കാനിറങ്ങിയതാണ് അപകടകാരണമായതെന്നാണ് വ്യക്തമാകുന്നത്. ദാരുണ സംഭവത്തിന്‍റെ ആഘാതത്തിലാണ് കുടുംബം.
പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം ജീവനെടുത്തു: മീനച്ചിലാറിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
അതേസമയം കോട്ടയത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത മീനച്ചിലാറിൽ ഒഴുക്കിൽ പെട്ട് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു എന്നതാണ്. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്‍റെ 15 വയസുള്ള മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. അഫ്സലും അനുജനും സുഹൃത്തും ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു. ആറിന്‍റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അഫ്സൽ കയത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അഫ്സലിന്‍റെ മൃതദേഹം കണ്ടെത്തിയത്.