ആകാശവാണിയുടെ ആകാശത്ത് മൂന്നാറിന്റെ ശബ്ദം മുഴങ്ങിത്തുടങ്ങിയിട്ട് 28 വര്‍ഷങ്ങള്‍
ഇന്ന് ലോക റേഡിയോ ദിനം. ഒരു കാലത്ത് പ്രതാപത്തോടെ നഗരത്തിന്റെയും ഗ്രാമങ്ങളുടെയുമെല്ലാം മുക്കിലും മൂലയിലും ഇടം പിടിച്ചിരുന്ന റേഡിയോ ഇന്ന് ആധുനിക വാര്‍ത്താ സങ്കേതങ്ങളുടെ വിപ്ലവങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളിലാണ്.
ഇടുക്കി: ഇന്ന് ലോക റേഡിയോ ദിനം. ഒരു കാലത്ത് പ്രതാപത്തോടെ നഗരത്തിന്റെയും ഗ്രാമങ്ങളുടെയുമെല്ലാം മുക്കിലും മൂലയിലും ഇടം പിടിച്ചിരുന്ന റേഡിയോ ഇന്ന് ആധുനിക വാര്‍ത്താ സങ്കേതങ്ങളുടെ വിപ്ലവങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളിലാണ്.
ഇന്ത്യയെന്ന മഹാരാജ്യം ഒരുകാലത്ത് ഉറങ്ങിയിരുന്നതും ഉറക്കമുണര്‍ന്നിരുന്നതും റേഡിയോയിലൂടെ ഒഴുകിയെത്തിയിരുന്ന ആകാശവാണി എന്ന ശബ്ദം കേട്ടായിരുന്നു. ആകാശവാണിയുടെ ആകാശത്ത് ഇടുക്കി ജില്ലയ്ക്കും പ്രത്യകിച്ച് മൂന്നാറിനും അഭിമാനിക്കുവാനുള്ള വക നല്‍കുന്നതാണ് ദേവികുളത്തെ എഫ്എം റേഡിയോ നിലയം.
കാല്‍ നൂറ്റാണ്ടിലേറേയായി ദേവികുളത്തു നിന്നും ആരംഭിച്ചു തുടങ്ങിയ പ്രക്ഷേപണം ഇന്നും തോട്ടം മേഖലയില്‍ അലയടിക്കുന്നു. തമിഴ്, മലയാളം ഭാഷകള്‍ ഇടകലര്‍ന്ന് സംസാരിക്കുന്ന മൂന്നാര്‍ മേഖലയില്‍ റേഡിയോ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം പിന്നിട്ട് 1994 ഫെബ്രുവരി 23 ന് ദേവികുളം എഫ്.എം നിലയത്തില്‍ നിന്നുള്ള ആദ്യ പ്രക്ഷേപണം മുഴങ്ങി.
സായാഹ്ന പ്രക്ഷേപണം എന്ന നിലയിലാണ് റേഡിയോ നിലയത്തിന് തുടക്കം കുറിച്ചത്. വാര്‍ത്തകളും, വ്യത്യസ്തതയാര്‍ന്ന പരിപാടികളുമായി 25 വര്‍ഷം പിന്നിട്ട റേഡിയോ നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ ഇന്നും തോട്ടം മേഖലയിലെ സായാഹ്നങ്ങള്‍ക്ക് സം പകരുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചു വന്നിരുന്ന കാതോട് കാതോരം എന്ന പരിപാടി നിലയത്തിന്റെ സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്നു.
ചില കാരണങ്ങളാല്‍ ഈ പരിപാടിയ്ക്ക് മുടക്കും വന്നുവെങ്കിലും വരുന്ന വിഷുവിന് ഈ പരിപാടി വീണ്ടും പുതുമോടിയോടെ തുടങ്ങുവാനുള്ള ശ്രമങ്ങളാണ് നിലയത്തിലെ അധികൃതര്‍ നടത്തി വരുന്നത്. താലൂക്കിന്റെ ആസ്ഥാനം എന്ന നിലയില്‍ ദേവികുളം എഫ്.എം നിലയം ഔദ്യോഗിക രംഗത്തും ശ്രദ്ധേയമായ നീക്കങ്ങളാണ് നടത്തി വന്നിരുന്നത്.
പ്രതികൂല കാലാവസ്ഥ തകിടം മറിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കിടയില്‍ കരുത്തോടെ നിലയുറപ്പിക്കുന്ന നിലയത്തിന്റെ പ്രാധാന്യം തോട്ടം മേഖല കണ്ടറിഞ്ഞത് ഏറ്റവും പ്രയാസവും കടുപ്പമേറിയതുമായ പ്രതിസന്ധ കാലഘട്ടങ്ങളായിരുന്നു. 2018 പ്രളയ സമയത്തും, പെട്ടിമുടി ദുരന്തസമയത്തുമെല്ലാം വൈദ്യുതിയും ഫോണുമെല്ലാം നിശബ്ദമായപ്പോള്‍ മൂകമായ അന്തരീക്ഷത്തില്‍ മുന്നറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളുമെല്ലാം കൈമാറിയത് നിലയത്തിലൂടെയായിരുന്നു.
തോട്ടം മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ക്ക് നിലയത്തിലൂടെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വൈകിട്ട് 4.30 മുതല്‍ രാത്രി 11.05 വരെയാണ് പ്രക്ഷേപണ സമയം. കിസാണ്‍ വീണി, പുതുപാടല്‍കള്‍, സാഹിത്യവേള, വിദ്യാഭ്യാസരംഗം. നാടകം എന്നിവയാണ് മുഖ്യപരിപാടികള്‍. കാല്‍നൂറ്റാണ്ടിലധികമായി തോട്ടം മേഖലയുടെ സായന്തനങ്ങളെ ശബ്ദമുഖരിതമാക്കുന്ന ദേവികുളം എഫ്.എം നിലയം നിരവധി പ്രതിസന്ധികളെയും തടസ്സങ്ങളെയും അതീജീവിച്ചാണ് പ്രക്ഷേപണം തുടര്‍ന്നു വരുന്നത്. ജില്ലയിലെ ഏക റേഡിയോ നിലയം എന്ന നിലയില്‍ ഇടുക്കിയ്ക്കും അഭിമാനിക്കാം.