ദേവികുളം റോഡിയോ നിലയത്തിന് ഇന്ന് ഇരുപത്തിയഞ്ച് വയസ്സ്
തോട്ടം മേഖലയിലെ തൊഴിലാളികളുടെ വൈകുന്നേരങ്ങള്‍ വിനോദവേളകളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും വൈവിധ്യങ്ങള്‍ നിറഞ്ഞ പരിപാടികള്‍ കൊണ്ടും പഠന പരിപാടികള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയ റേഡിയോ നിലയത്തിന്റെ രജതജൂബിലിയാഘോഷങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട്.
ഇടുക്കി: ഹൈറേഞ്ചിന്റെ ശബ്ദമായി മാറിയ ദേവികുളം റോഡിയോ നിലയത്തിന് ഇന്ന് ഇരുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നു. മലയോരജനത നെഞ്ചോടു ചേര്‍ക്കുന്ന ആകാശവാണി നിലയം ഹൈറേഞ്ചിലെ ഏക എഫ് എം നിലയമാണ്. 1994 ഫെബ്രുവരി 23 ാം തീയതിയാണ് ദേവികുളം റേഡിയോ നിലയം കമ്മീഷന്‍ ചെയ്തത്. കാല്‍നൂറ്റാണ്ടിനിടയില്‍ മികവാര്‍ന്ന ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചാണ് ദേവികുളത്തെ റേഡിയോ നിലയം രജതജൂബിലിത്തിളക്കത്തില്‍ മിന്നുന്നത്.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ വൈകുന്നേരങ്ങള്‍ വിനോദവേളകളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും വൈവിധ്യങ്ങള്‍ നിറഞ്ഞ പരിപാടികള്‍ കൊണ്ടും പഠന പരിപാടികള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയ റേഡിയോ നിലയത്തിന്റെ രജതജൂബിലിയാഘോഷങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകാറുണ്ടെങ്കിലും വൈകുന്നേരം 4.30 മുതല്‍ രാത്രി 11.05 വരെയുള്ള സമയത്തെ പ്രക്ഷേപണം മലയോരമേഖലകളിലെ വീടുകളിലത്തെുമ്പോള്‍ ദുര്‍ഘടമേഖലകളിലെ ജനങ്ങള്‍ പോലും റേഡിയോ നെഞ്ചോട് ചേര്‍ത്തുപിടിക്കുമ്പോള്‍ ദേവികുളം നിലയത്തിലെ ജീവനക്കാര്‍ക്കും ജൂബിലിത്തിളക്കത്തിന്റെ ചാരിതാര്‍ത്ഥ്യമാണ്.
വിവിധ പഞ്ചായത്തുകളിലൂടെ വികസനത്തിന്റെ പ്രതിപാദിക്കുന്ന വിധത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രക്ഷേപണം ആരംഭിച്ച 'ജനസമക്ഷം പഞ്ചായത്തുകളിലൂടെ' എന്ന പരിപാടി ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പുത്തന്‍ പാട്ടുകള്‍, ശനിദശ, കിസാന്‍ വാണി, പുതുപാടല്‍കള്‍, തമിഴ്‍മാലൈ, ഇതളുകള്‍, സ്മൃതിരാഗം, യുവവാണി, സാഹിത്യവേള തുടങ്ങിയ പരിപാടികളും ജനങ്ങള്‍ നെഞ്ചിലേറ്റുവാങ്ങുന്നതാണ്. ലോക റേഡിയോ ദിനമായ ഫെബ്രുവരി 14 ന് ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ കള്ളിമാലിയിലെ കര്‍ഷകരെയും കലാകാരന്മാരെയും കോര്‍ത്തിണക്കി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.
പരിപാടി നടത്തുക എന്നതിലപ്പുറം പരസഹായത്തിന്റെ സന്ദേശം പങ്കുവച്ചും ദേവികുളം റേഡിയോ നിലയം കൈയ്യടി നേടി. പ്രളയകാലത്ത് ഫോണ്‍ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിശ്ചലമായപ്പോള്‍ വിവിധ വികുപ്പുകളെ കോര്‍ത്തിണക്കി ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് സന്ദേശം കൃത്യസമയത്ത് എത്തിച്ചും നിലയം മാതൃകയായി. ഭാരതത്തില്‍ ആദ്യമായി ഒരു ഡിജിറ്റല്‍ നാടകം നിര്‍മ്മിച്ചുവെന്നതും ഈ നിലയത്തിന് പെരുമയാണ്. സ്റ്റേഷന്‍ എന്‍ജിനിയര്‍ ബി സുരേഷ് ബാബു ആണ് ഇപ്പോഴത്തെ നിലയമേധാവി. പ്രോഗ്രാം എക്‌സിക്യുട്ടീവ് എം പി മനേഷ്, പ്രോഗ്രാം എക്‌സിക്യുട്ടീവ്, വി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ തയ്യാറാകുന്നത്. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേകപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.