അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി, പെട്ടന്ന് കാണാനില്ല; എഞ്ചിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
ശ്രീഹരി അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു ദാരുണ മരണം.
തൃശൂര്‍: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശിയായ ആമ്പാടി ഹൗസില്‍ ഹരീഷ് മകന്‍ ശ്രീഹരി (22) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ദാരുണാന്ത്യം.
ശ്രീഹരി അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു ദാരുണ മരണം. കുളത്തിൽ മുങ്ങി കുളിക്കുന്നതിനിടയില്‍ ശ്രീഹരിയെ കാണാതാവുകയായിരുന്നു. മകൻ കുളത്തിൽ മുങ്ങിപ്പോയതറിഞ്ഞതോടെ പരിഭ്രാന്തനായ പിതാവ് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. പിന്നാലെ തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ എം.ജി, രാജേഷ്, സഭാപതി രമേശ്, അനീഷ്, സന്തോഷ്, ടീം അംഗങ്ങളായ ശ്രീഹരി, ജിബിന്‍, ആന്‍ മരിയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ശ്രീഹരിയെ കണ്ടെത്തിയത്. ഉടനെ തന്നെ ശ്രീഹരിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ ഹരീഷ് അടാട്ട് ഉടലക്കാവ് സെന്ററില്‍ സ്റ്റേഷനറി കട നടത്തുകയാണ്. അമ്മ ശ്രീജ അടാട്ട് ബി.വി.പി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നു. ശ്രീഹരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More : ഹോണ്ട ആക്ടീവയിൽ കറക്കം, ഇടക്ക് നിർത്തി ഇടപാട്; വിനീഷിന്‍റെ വണ്ടി 'സഞ്ചരിക്കുന്ന ബാർ', തൊണ്ടിയോടെ പൊക്കി