വീണ്ടും കേബിൾ കഴുത്തിൽ കുടുങ്ങി അപകടം: സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് 20കാരന്റെ ഇടുപ്പെല്ല് തകർന്നു
റോഡിന് കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് പരാതി
കൊച്ചി: സംസ്ഥാനത്ത് റോഡിന് കുറുകെ വലിച്ചുകെട്ടിയ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. കൊച്ചിയിൽ എറണാകുളം - കോമ്പാറ മാർക്കറ്റ് റോഡിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് ഇരുപതുകാരന്റെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. കലൂർ കറുകപ്പിള്ളി സ്വദേശിയാണ് മുഹമ്മദ് ഇർഫാൻ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇർഫാനിപ്പോൾ. റോഡിന് കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇർഫാന്റെ കുടുംബം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സമീപ കാലത്ത് സമാനമായ 13 അപകടങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. രണ്ടു പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടങ്ങളുടെ പട്ടിക
- 4 June 2023 : എറണാകുളം ജില്ലയിലെ പറവൂർ - വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിൽമുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി നിലംപതിക്കുകയായിരുന്നു
- 14 May 2023 : വണ്ടൂർ കാളികാവ് റോഡിലെ കുറ്റിയിൽ സ്‌കൂട്ടറിൽ യാത്രചെയ്യവേ കേബിൾ കഴുത്തിൽ കുരുങ്ങി ഇർഷാദ് എന്ന യുവാവിന് ഗുരുതര പരിക്ക്.
- MARCH 01, 2023 : കോട്ടയത്ത് റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജങ്ഷനിൽ വെച്ച് കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ് അറ്റകുറ്റ പണിയുടെ ഭാഗമായാണ് കയർ റോഡിൽ കെട്ടിയിരുന്നത്. കയർ കഴുത്തിൽ മുറുകി യുവാവ് ബൈക്കിൽ നിന്ന് നിലത്തു തെറിച്ചു വീണു.
- Feb 21, 2023 : മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി 11 വയസുകാരന് പരിക്കേറ്റു. ജോസഫ് ബൈജുവിന്റെ മകൻ സിയാൻ ആണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കിളിൽ പോയി വരുമ്പോൾ ആയിരുന്നു അപകടം.
- Feb 21, 2023 : കൊച്ചിയിൽ കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിൽ കേബിൾ കുടുങ്ങി. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്കേറ്റു. രാവിലെ 6 മണിക്ക് എംജി റോഡിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവേറ്റു, കാലിന്റെ എല്ല് പൊട്ടി.
- Feb 7, 2023 : കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കേബിൾ കഴുത്തിൽ കുരുങ്ങി മരിച്ചു. റോഡിൽ അയഞ്ഞു തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങാൻ തുടങ്ങിയപ്പോഴേക്കും വിഷ്ണു ബൈക്ക് വെട്ടിച്ചുമാറ്റി ബ്രേക്കിട്ടു നിർത്തി. തൊട്ടുപിന്നിൽ ബൈക്കിൽ വരികയായിരുന്ന മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകും മുൻപേ കേബിൾ മരണക്കുരുക്കായി. അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ കഴുത്തിൽ കുരുങ്ങി അമ്മ ഉഷ റോഡിലേക്കു തലയടിച്ചു വീണു. അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിൻറെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് ലഭിച്ച മൊഴി.
- 23 Jan 2023 : കൊച്ചി വെണ്ണലയിൽ ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. കേബിൽ കുരുങ്ങിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് യാത്രക്കാരനായ മരട് സ്വദേശി അനീഷിന് ഗുരുതരമായി പരുക്കേറ്റു.
- Jan 23, 2023: കൊച്ചിയിൽ കേബിൾ കുടുങ്ങി അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാണ് ബൈക്കിൽ കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- 18 Jan 2023 : നടക്കുന്നതിനിടെ പൊട്ടിവീണ കേബിളിൽ കാൽ കുരുങ്ങി യുവാവ് മൂക്കുകുത്തി വീണു. വീഴ്ചയിൽ വലതു കൈയിലെ ചെറുവിരൽ ഒടിഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും നിലത്തുവീണ് പൊട്ടി. വെണ്ണല തൈക്കാവ് ജങ്ഷൻ കുപ്ലിക്കാട്ട് സിബിൻ കുര്യാക്കോസാണ് (44) കേബിൾ കാലിൽ ചുറ്റി വീണത്. തൃക്കാക്കര കൃഷിഭവനു മുൻപിലെ റോഡിൽ പൊട്ടിക്കിടന്ന കേബിളാണ് സിബിനെ വീഴ്ത്തിയത്. വാഹനത്തിൽ നിന്നിറങ്ങി സമീപത്തെ ഓട്ടോ കൺസൽട്ടൻസി ഓഫീസിലേക്ക് നടക്കുമ്പോഴായിരുന്നു കേബിൾ കാലിൽ കുരുങ്ങുന്നത്.
- 18 Jan 2023 : പാലക്കാട് മലപ്പുറം അതിർത്തിയായ തൂതയിൽ കേബിൾ കഴുത്തിൽ കുരുങ്ങി അപകടം. ടിവി കേബിൾ കഴുത്തിൽ കുരുങ്ങി ജാവേദ് എന്ന യുവാവാണ് താഴെ വീണത്. ഗോവയിൽ നിന്ന് നാട്ടിലേക്ക് തിരികെ വരുന്ന യാത്രക്കിടെയാണ് യുവാവിന്റെ ബൈക്ക് മറിഞ്ഞത്. കേബിൾ പൊട്ടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്.
- 13 Jan 2023 : തിരുവനന്തപുരം തിരുമലയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഒരാൾക്ക് പരിക്ക്. തിരുമല സ്വദേശി പ്രഭാകരനാണ് അപകടത്തിൽ പെട്ടത്. സ്‌കൂട്ടറിൽ പോകുമ്പോഴാണ് അപകടം.
- 9 Jan 2023 : കഴുത്തിൽ കേബിൾ കുടുങ്ങി അച്ഛനും മകനും പരിക്ക്. തേവക്കൽ സ്വദേശി ശ്രീനിയാണ് അപകടത്തിൽ പെട്ടത്. മരപ്പണിക്കാരനായ ശ്രീനി മകനുമൊത്ത് പോകുമ്പോൾ പൊന്നാപുരം അമ്പലത്തിനടുത്തുള്ള റോഡിൽ വെച്ചാണ് കേബിൾ കഴുത്തിൽ കുരുക്കിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചു.
- 5 Jan 2023 : കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് കെട്ടിയ തോരണം കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് സിബുവിന്റെ കഴുത്തിൽ തോരണം കുരുങ്ങിയാണ് അപകടമുണ്ടായത്.
- 27 Dec 2022 : റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ, ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി അപകടം. കൊച്ചി ലായം റോഡിലാണ് സംഭവം. ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. തുടർന്ന് ഇദ്ദേഹം റോഡിലേക്ക് വീണു. ഇതോടെ പിന്നിലിരുന്ന ഭാര്യ സിന്ധുവും നടുറോഡിലേക്ക് മറിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. സാബുവിന്റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിലും ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്.
- 20 Dec 2022 : അഭിഭാഷകയായ സ്‌കൂട്ടർ യാത്രികയ്ക്ക് തോരണം കഴുത്തിൽ കുരുങ്ങി വീണു പരിക്ക്. കുക്കു ദേവകി എന്ന യുവതിക്കാണ് പരിക്കേറ്റത്.
- Aug 21 2022 : രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കേബിൾ കുരുങ്ങി ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ഇടപ്പഴിഞ്ഞി കൊച്ചാർ റോഡിന് കുറുകെ താഴ്ന്നു കിടന്ന കേബിൾ കുടുങ്ങിയാണ് അപകടം ഉണ്ടായത്. വലതു കാൽമുട്ടിന്റെ ചിരട്ട തകർന്നു. കഴുത്തിൽ മുറിവേറ്റു.
- Jul 2, 2022 : എറണാകുളം ചെമ്പുമുക്കിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശിയായ അലൻ ആൽബർട്ടാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അലൻ (25) ചെമ്പുമുക്കിൽ അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്കൂട്ടറിൽ വന്ന അലൻറെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. കേബിൾ കഴുത്തിൽ കുരുങ്ങിയതോടെ സ്കൂട്ടർ മറിഞ്ഞ് അലൻ താഴെ വീണു.
- 11 Mar 2022 : ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു യുവാവിന്റെ കഴുത്തിൽ കെ ഫോൺ കേബിൾ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ് അപകടം.നെടുങ്കണ്ടം രാമക്കൽമേട് അയ്യക്കുന്ന് വിവേകിനാണ് പരിക്കേറ്റത്.