Asianet News MalayalamAsianet News Malayalam

കാമുകിയുടെ പണയം വച്ച സ്വർണമെടുക്കാൻ വേണ്ടി, പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞ് 20കാരൻ; എടിഎം കവർച്ചയിൽ അറസ്റ്റ്

മോഷണശ്രമവുമായി ബന്ധപ്പെട്ട് മേവാത്തി സംഘത്തിലെ പ്രതികളെക്കുറിച്ചും ഇനിയും പിടിയിലാകാനുള്ള സംഘത്തിലെ മറ്റ് പ്രതികൾക്ക് ഈ മോഷണ ശ്രമത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ് അന്വേഷണം നടത്തി.

20 year old reveals everything to the police in order to get his girlfriend gold from loan atm theft attempt
Author
First Published Oct 4, 2024, 8:14 PM IST | Last Updated Oct 4, 2024, 8:14 PM IST

ചാരുംമൂട്: വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. 

മോഷണശ്രമവുമായി ബന്ധപ്പെട്ട് മേവാത്തി സംഘത്തിലെ പ്രതികളെക്കുറിച്ചും ഇനിയും പിടിയിലാകാനുള്ള സംഘത്തിലെ മറ്റ് പ്രതികൾക്ക് ഈ മോഷണ ശ്രമത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ് അന്വേഷണം നടത്തി. സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റർ അകലെയുള്ള പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 

തുടർന്ന് ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിരാമിനെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും ഇയാൾ ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മറ്റ് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഈ കേസിലേക്ക് ആവശ്യമായ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.

കാമുകിയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവർച്ച. ഇയാൾ ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ഇരുട്ടിൽ വാഹനത്തിന്റെ നമ്പർ പോലും കിട്ടാതിരിക്കുന്നതിനായി ഇട റോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അധിവിദഗ്ദമായാണ് പൊലീസ് പിടികൂടിയത്. കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി കെ മോഹിത്, വള്ളിക്കുന്നം പൊലീസ് സബ് ഇൻസ്പെക്ടർ കെ ദിജേഷ്, എ എസ് ഐ മാരായ ശ്രീകല, രാധാമണി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്ക്കർ, അൻഷാദ്, വൈ അനി, സിവിൽ പൊലീസ് ഓഫീസറായ ആർ ജിഷ്ണു, എസ് ബിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സംഭവം നടന്ന സമയം അന്നത്തെ രാത്രികാല പട്രോളിങ് ഓഫീസർമാരായ കായംകുളം പൊലീസ് ഇൻസ്പെക്ടർ അരുൺ ഷാ, മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ് എന്നിവർ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ മതിയായ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രതിയെ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios