സ്‌കൂട്ടറിൽ നിന്ന് വീണ നിധിന്‍റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
മലപ്പുറം: ചങ്ങരംകുളം നന്നംമുക്ക് പൂച്ചപ്പടിയിൽ യുവാവിന്‍റെ മരണത്തിനിടയാക്കിയത് റോഡിലെ മൺകൂന. നിധിനും (20) സുഹൃത്ത് ആദിത്യനും (20) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിധിന്‍ മരിച്ചു. ആദിത്യന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പൂച്ചപ്പടി മുഹ്‌യുദ്ദീന്‍ പള്ളിക്ക് മുൻവശത്താണ് അപകടം ഉണ്ടായത്. ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കുടിവെള്ള പൈപ്പിനുവേണ്ടി കുഴിച്ച മൺകൂനയിൽ കയറി തെന്നി ലോറിയുടെ അടിയിലേക്ക് വീണു എന്നാണ് നിഗമനം.
സ്‌കൂട്ടറിൽ നിന്ന് വീണ നിധിന്‍റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ നിധിന്‍ മരിച്ചു. ഗുരു തരമായി പരിക്കേറ്റ ആദിത്യനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാതയോരത്ത് പൈപ്പിടാനായി എടുത്ത കുഴിയിലെ മണ്ണ് വീതികുറഞ്ഞ റോഡിൽ കൂട്ടിയിട്ടതാണ് അപകടത്തിന് വഴിവെച്ചത്. വേണ്ടത്ര വീതിയില്ലാത്ത വഴിയിൽ കൂട്ടിയിട്ട മൺകുനയിൽ സ്‌കൂട്ടർ കയറുകയും തെന്നി ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു.
ഏറെ മാസങ്ങളായി വഴിയാത്രക്കാരും പ്രദേശവാസികളും കുഴികളും മൺതിട്ടകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അധികൃതരുടെ അനാസ്ഥയിൽ അപകടം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാർ അപകടസ്ഥലത്തെ മൺതിട്ട നീക്കം ചെയ്തു. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാത ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ ഗ്രാമീണ റോഡുകളും ജല അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി തലങ്ങും വിലങ്ങും കീറി മുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡുകൾ പൂർവ സ്ഥിതിയിലാക്കായിട്ടില്ല.
