മലപ്പുറത്ത് അഞ്ച് പേർക്ക് സമ്പർക്കം വഴി കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും സ്വകാര്യ ലാബ് ജീവനക്കാരനും രോഗം

ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ

18 more people tests covid 19 positive in Malappuram

മലപ്പുറം: ജില്ലയിൽ 18 പേർക്ക് കൂടി വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 

ഇവർക്കു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി മഞ്ചേരിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾക്കും വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂർ അരീച്ചോല സ്വദേശി 30കാരൻ, മഞ്ചേരിയിലെ ആശ വർക്കറായ മഞ്ചേരി മാര്യാട് വീമ്പൂർ സ്വദേശി 48കാരി, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27കാരൻ, പാലക്കാട് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ സഹോദരീ ഭർത്താവ് കുറുവ പാങ്ങ് സ്വദേശി 41കാരൻ, കൽപകഞ്ചേരി മാമ്പ്ര സ്വദേശി 36കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

മെയ് 20ന് റിയാദിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മമ്പാട് ഓമല്ലൂർ തോട്ടിന്റക്കര സ്വദേശി 44കാരൻ, മെയ് 31ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശി 29കാരൻ, മെയ് 19ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശി 33 വയസുകാരിയായ ഡോക്ടർ, ജൂൺ ഒന്നിന് മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വഴി ഒരുമിച്ചെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശി 60 വയസുകാരൻ ഇയാളുടെ 33കാരനായ മകൻ, മെയ് 29ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ വെട്ടത്തൂർ സ്വദേശി 57കാരൻ, മെയ് 26ന് ബഹ്‌റിനിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ പൊന്നാനി പുതുപൊന്നാനി സ്വദേശി 62കാരൻ, മുംബൈയിൽ നിന്ന് മെയ് 26ന് തിരിച്ചെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 66കാരൻ, മെയ് 19ന് മുംബൈയിൽ നിന്ന് ഒരുമിച്ച് തിരിച്ചെത്തിയ മഞ്ചേരി മാര്യാട് സ്വദേശി 33കാരൻ, പൊള ചാപ്പനങ്ങാടി സ്വദേശി 32കാരൻ, മുംബൈയിൽ നിന്ന് മെയ് 23ന് എത്തിയ കാലടി പൊൽപ്പാക്കര സ്വദേശി 23കാരൻ, മെയ് 21ന് ചെന്നൈയിൽ നിന്നെത്തിയ പരപ്പനങ്ങാടി ചട്ടിപ്പടി കുപ്പിവളവ് സ്വദേശി 57കാരൻ, ഡൽഹിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ മെയ് 18ന് കോഴിക്കോടെത്തി നാട്ടിൽ തിരിച്ചെത്തിയ തവനൂർ ആന്തല്ലൂർ സ്വദേശി 31കാരൻ എന്നിവരാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ ഭൂതന്നൂർ സ്വദേശി 32കാരൻ ജൂൺ ഒന്നിന് മസ്‌കറ്റിൽ നിന്നും പത്തനംതിട്ട അടൂർ തുവയൂർ സൗത്ത് സ്വദേശി 31കാരൻ മെയ് 26ന് കുവൈത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയവരാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios