'മലയാള മാധുര്യം നുകർന്ന് അറിവിന്റെ പുത്തൻ ലോകത്തേക്ക് അവർ': അസമിൽ നിന്നുള്ള 18 കുട്ടികൾക്ക് ഗംഭീര വരവേൽപ്പ്
മലയാളഭാഷയുടെ മാധുര്യം നുകർന്ന് അറിവിന്റെ പുത്തൻ ലോകത്തേക്ക് ചുവടുവെക്കാനൊരുങ്ങി അസമിൽ നിന്നുള്ള 18 കുട്ടികൾ. കരുനെച്ചി ലിറ്റിൽ ഫ്‌ലവർ എൽ പി സ്‌കൂളിലേക്കാണ് പ്രവേശനം നൽകിയത്
മലപ്പുറം: മലയാളഭാഷയുടെ മാധുര്യം നുകർന്ന് അറിവിന്റെ പുത്തൻ ലോകത്തേക്ക് ചുവടുവെക്കാനൊരുങ്ങി അസമിൽ നിന്നുള്ള 18 കുട്ടികൾ. കരുനെച്ചി ലിറ്റിൽ ഫ്‌ലവർ എൽ പി സ്‌കൂളിലേക്കാണ് പ്രവേശനം നൽകിയത്. വർണങ്ങൾ നിറഞ്ഞ വസ്ത്രങ്ങളണിയിച്ച് കൈയിൽ ബലൂണും തലയിൽ കിരീടവും ചൂടിച്ച് അധികൃതർക്ക് ഇവർക്ക് ഗംഭീര പ്രവേശനോത്സവവും നൽകി.
അസമിൽനിന്ന് അറണാടംപാടത്തെ അടയ്ക്കാക്കളത്തിൽ ജോലിക്കായി എത്തിയതാണ് ഇവരുടെ മാതാപിതാക്കൾ. അടയ്ക്കാക്കളത്തിന്റെ ഉടമ നാരോക്കാവ് ചെറുമല അബ്ദുർറഹ്‌മാനാണ് ഇവരെ സ്‌കൂളിലെത്തിക്കാൻ നേതൃത്വം നൽകിയത്. ആറ് മാസം കൊണ്ടാണ് കുട്ടികളുടെ രേഖകൾ ശരിയാക്കിയത്. സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഇവരുടെ പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
ചടങ്ങിന് സാക്ഷ്യംവഹിക്കാൻ രക്ഷിതാക്കളും എത്തിയിരുന്നു. ചടങ്ങ് പി വി അൻവർ എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള യൂനിഫോം, പുസ്തകങ്ങൾ എന്നിവയും അദ്ദേഹം വിതരണം ചെയ്തു. മെഹബൂബ സുൽത്താനയുടെ നേതൃത്വത്തിൽ ഇവർ വേദിയിൽ നടത്തിയ അസമി ഗാനവും നൃത്തവും സദസ്സ് കൈയടിയോടെ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ റെനി വർഗീസ്, പഞ്ചായത്ത് അംഗം പി മോഹനൻ, എ ഇ ഒ അബ്ദുർറസാഖ്, അധ്യാപകൻ ഇ എ മർക്കോസ്, സ്‌കൂൾ ലീഡർ ഷാനിഷ ഫാത്വിമ, കുമാരി ഹൻഫ പ്രസംഗിച്ചു.
Read more: 'ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല'; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ
ട്രഷറിയിൽ നിന്നിറങ്ങി പണമടങ്ങിയ ബാഗ് സ്കൂട്ടർ മാറി വച്ചു, വയോധികന് നഷ്ടപ്പെട്ട തുക കണ്ടുപിടിച്ച് നൽകി പൊലീസ്
മലപ്പുറം : അങ്ങാടിപ്പുറം സ്വദേശിയായ വയോധികന് നഷ്ടപ്പെട്ട ബാഗും പണവും കണ്ടെത്തി നൽകി പെരിന്തൽമണ്ണ പൊലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയിൽ ശ്രീകുമാരൻ തമ്പി ട്രഷറിയിൽ നിന്ന് പണമെടുത്ത് പുറത്തുവന്നു നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടറിന് പകരം അതേ നിറത്തിലുള്ള മറ്റൊരു സ്‌കൂട്ടറിൽ പണം വെക്കുകയും പിന്നീട് വീണ്ടും ട്രഷറിയിലേക്ക് പോയി തിരികെ വന്ന് തന്റെ സ്വന്തം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയുമായിരുന്നു.
വീട്ടിലെത്തി നോക്കുമ്പോൾ പണം വെച്ച ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായി. ഉടൻതന്നെ പെരിന്തൽമണ്ണ ട്രഷറി പരിസരത്തെത്തി ബാഗ് വെച്ച വാഹനത്തെ കുറിച്ച് അന്വേഷണം നടത്തി. നിരാശനായി മനോവിഷമത്തിൽ നിൽക്കുന്നത് കണ്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ഉല്ലാസ് കാര്യം അന്വേഷിക്കുകയും പ്രശ്നം സ്റ്റേഷനിലെ എസ് ഐ നൗഷാദിനെ അറിയിക്കുകയുമായിരുന്നു. ഉടൻതന്നെ സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു.
Read more: റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു
ബാഗ് മറന്നുവെച്ച വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. സ്റ്റേഷനിൽ വിളിച്ചു വരുത്തി. പണവും ബാഗും തന്റെ വാഹനത്തിലുള്ളത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ആലിപ്പറമ്പ് സ്വദേശിയായ വാഹന ഉടമ പണവും ബാഗും സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചു. ശ്രീകുമാരൻ തമ്പിക്ക് പെരിന്തൽമണ്ണ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജീവ് കുമാർ പണവും ബാഗും തിരികെ നൽകുകയായിരുന്നു.