കണ്ണൂരിലെ വീട്ടിൽ അടവെച്ചത് 31 മുട്ട, വിരിഞ്ഞത് 16 എണ്ണം, എല്ലാം രാജവെമ്പാല കുഞ്ഞുങ്ങൾ! ഷാജിക്ക് സന്തോഷം
കഴിഞ്ഞ ഏപ്രിൽ 20 ന് കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്.
കണ്ണൂർ: കണ്ണൂർ കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്നും കണ്ടെത്തിയ മുട്ടകൾ അടവെച്ച് വിരിയിച്ചെടുത്തതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളം. ഷാജിയുടെ കൃത്യമായ പരിചരണത്തിൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്. 31 മുട്ടകൾ ഉപേക്ഷിച്ച് തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല. പൂർണ ആരോഗ്യവാന്മാരായ പാമ്പിൻ കുഞ്ഞുങ്ങളെ വൈകാതെ കാട്ടിൽ തുറന്നു വിടാനാണ് ഷാജിയുടെ തീരുമാനം.
വിശദവിവരങ്ങൾ ഇങ്ങനെ
16 രാജവെമ്പാലക്കുഞ്ഞുങ്ങളാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളത്തിന്റെ വീട്ടിലെ പ്ലാസ്റ്റിക് കൊട്ടയിൽ വിരിഞ്ഞത്. അമ്മപ്പാമ്പിന്റെ ചൂടില്ലെങ്കിലെന്താ. പിള്ളേരൊക്കെ ഉഷാറാണ്. ഇടയ്ക് കൂട്ടത്തിൽ ചിലർ തലപൊക്കി നോക്കും ഞങ്ങളിതെവിടെയെന്ന മട്ടിൽ. കഴിഞ്ഞ ഏപ്രിൽ 20 നാണ് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ ഒരു രാജവെമ്പാലയെ കണ്ടെത്തിയത്. കൂടെ 31 മുട്ടകളും. തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല. പ്ലാസ്റ്റിക് കൊട്ടയിൽ ഉണങ്ങിയ മുളയിലകൾ വിരിച്ചായിരുന്നു മുട്ടകൾ അടവച്ചത്. തണുപ്പ് ക്രമീകരിച്ച് ദിവസേന നിരീക്ഷണവുമുണ്ടായിരുന്നു. 16 പേരെയും അധികം വൈകാതെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് ഷാജി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം