'16 കെട്ടിടങ്ങൾ, ഏത് നിമിഷവും നിലംപൊത്തുമെന്ന ഭീതിയിൽ'; എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ
ചുറ്റുപാടും കാട് കയറി മൂടിയ കെട്ടിടങ്ങൾ ഇപ്പോള്‍ തെരുവ് നായ്ക്കള്‍, കുറുനരികള്‍, ഇഴജന്തുക്കള്‍ എന്നിവയുടെ വിഹാര കേന്ദ്രവുമാണ്.
കോഴിക്കോട്: 25 വര്‍ഷമായി പരിസരവാസികള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുകയാണ് ഫറോക്ക് ചുങ്കത്തെ പഴയ പൊലീസ് ക്വാട്ടേഴ്സുകള്‍. ഇവ പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി സമീപവാസികള്‍ മുട്ടാത്ത വാതിലുകളില്ല. കാലപ്പഴക്കത്താല്‍ ചില കെട്ടിടങ്ങള്‍ ഏതുസമയവും നിലം പൊത്തുമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
ഉപയോഗശൂന്യമായി കിടക്കുന്ന ഫറോക്ക് ചുങ്കത്തെ പഴയ പൊലീസ് ക്വാട്ടേഴ്സുകള്‍ പരിസരവാസികള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ദിവസം വൈകിട്ട് ക്വാട്ടേഴ്സ് വളപ്പിലെ മരം സമീപത്തെ പുതിയതായി പണിത വീടിന് മുകളിലേക്ക് പതിച്ചതോടെയാണ് പരിസരവാസികള്‍ വീണ്ടും പരാതികളുമായി രംഗത്ത് എത്തിയത്.
ഏകദേശം 1.45 ഏക്കര്‍ ഭൂമിയുള്ള ക്വാട്ടേഴ്സ് വളപ്പില്‍ 16 പഴയ കെട്ടിടങ്ങളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. ചില കെട്ടിടങ്ങളാകട്ടെ എപ്പോള്‍ വേണമെങ്കിലും നിലം പൊത്തുമെന്ന അവസ്ഥയിലുമാണ്. ചുറ്റുപാടും കാട് കയറി മൂടിയ ഈ കെട്ടിടങ്ങൾ ഇപ്പോള്‍ തെരുവ് നായ്ക്കള്‍, കുറുനരികള്‍, ഇഴജന്തുക്കള്‍ എന്നിവയുടെ വിഹാര കേന്ദ്രവുമാണ്.
50 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വർഷം; റോഡ് തകർന്നു തരിപ്പണമായിട്ടും പണി തുടങ്ങിയില്ല
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ചുങ്കത്ത് ക്വാട്ടേഴ്സുകള്‍ പണിതത്. എന്നാല്‍ ഇവ താമസ യോഗ്യമല്ലാതായതോടെ 12 വർഷം മുൻപ് തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ ക്വാട്ടേഴ്സുകൾ പൊളിച്ച് മാറ്റാതെയായിരുന്നു പുതിയ ഫ്ലാറ്റിന്‍റെ നിര്‍മ്മാണം. ഇത് ക്വാട്ടേഴ്സ് വളപ്പില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇടയാക്കി. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ക്വാർട്ടേഴ്സ് വളപ്പിന് ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.