പാലിയേക്കര ടോൾ പ്ലാസയിൽ 13 കൊല്ലം കൊണ്ട് പിരിച്ചെടുത്തത് 1521 കോടി; എന്നിട്ടും കരാര്‍ പ്രകാരമുള്ള സുരക്ഷയില്ല

നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വിവരാവകാശ രേഖയില്‍ പറയുന്നു

1521 crore collected from vehicle owners at Paliyekkara toll plaza without fulfilling safety requirements

തൃശൂർ : കരാര്‍ പ്രകാരമുള്ള സുരക്ഷയൊരുക്കാതെ പാലിയേക്കര ടോള്‍പ്ലാസയില്‍ പിരിച്ചെടുത്തത് 1521 കോടി. ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ 13 വര്‍ഷത്തെ കണക്കാണിത്.  സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്ത് പരിഹാര നടപടികള്‍ കമ്പനി ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിലും നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വിവരാവകാശ രേഖയില്‍ പറയുന്നു. 30 തീവ്ര അപകട സാധ്യത കവലകളിലും അപകട സാധ്യതയുള്ള 20 ജങ്ഷനുകളിലും ഇതുതന്നെയാണ് സ്ഥിതി.

നിരന്തരം അപകടങ്ങളുണ്ടാകുന്ന പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തുപോലും സുരക്ഷാ സംവിധാനമൊരുക്കാത്തത് ഗുരുതരവീഴ്ചയാണെന്ന് തൃശൂര്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. കരാര്‍ പ്രകാരമുള്ള പണികളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാതെ കമ്പനി ഇപ്പോഴും ടോള്‍ പിരിവ് തുടരുകയാണ്. പ്രതിദിനം 42,000 വാഹനങ്ങള്‍ ടോള്‍ നല്‍കി കടന്നുപോകുന്നുണ്ടെന്നും 52 ലക്ഷം രൂപ പിരിച്ചെടുക്കുന്നുണ്ടെന്നും വിവരവാകാശ രേഖയില്‍ പറയുന്നു.

2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ പതിനൊന്ന് ബ്ലാക്ക് സ്‌പോര്‍ട്ടുള്‍പ്പെടെ 50 കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2243.53 കോടി രൂപ കരാര്‍കമ്പനിക്ക് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷണല്‍ ട്രിബൂണല്‍ നിലവിലുള്ള കേസില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒഴിവായത് കമ്പനിയെ പുറത്താക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തലാണ്. കരാര്‍ കാലാവധി തീരാന്‍ മൂന്നുവര്‍ഷം മാത്രമാണ് ബാക്കിയുള്ളത്.  

2028ല്‍ ടോള്‍പിരിവ് കാലാവധി തീരുമെങ്കിലും ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത ആറു വരിയാക്കാനിരിക്കെ ടോള്‍കൊള്ള  തുടരാനിടയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios