ബാഡ്മിന്റൺ താരമായ 12കാരിക്ക് ടൂർണമെന്റിന് ശേഷം ശക്തമായ വയറുവേദന; തൃശൂർ മെഡി. കോളേജിൽ അടിയന്തിര ശസ്ത്രക്രിയ

ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തുകൂടെ  നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, ആമാശയം മടങ്ങി, വീര്‍ത്ത് ഗ്യാസ്ട്രിക് വോള്‍വുലസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.  ആമാശയത്തിൽ പൊട്ടലുണ്ടായി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്തു ചിതറി കിടക്കുകയുമായിരുന്നു.

12 year old badminton player suffered severe stomach ache after winning a tournament and brought to hospital

തൃശൂര്‍: ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലിക തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലിലെ വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജന്മത്തിലേക്ക്. പാലക്കാട് ജില്ലയില്‍ കോങ്ങാട് സ്വദേശിയായ പന്ത്രണ്ട് വയസുള്ള ബാലികയാണ്, തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയ വഴി ജീവിതത്തിലേക്കു തിരിച്ചുവന്നത്. ജന്മനാ കേള്‍വിക്കുറവുള്ള ബാലിക, രണ്ട് ആഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയർ വീര്‍ത്തത് പോലെയും അനുഭവപ്പെട്ടു.
 
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്കു ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയില്‍ ഉള്ള ഭിത്തി) നടുവിലായി കുറച്ചു ഭാഗത്തു കനം കുറഞ്ഞു നെഞ്ചിനുള്ളിലേക്ക് തള്ളിനില്‍ക്കുന്ന ഒരു അപാകത കുട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു.

ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്ട്രേഷന്‍ എന്ന വളരെ അപൂര്‍വമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ രോഗാവസ്ഥക്ക് കാരണം. ബാഡ്മിന്റണ്‍ കളിയുടെ സമയത്തു വയറിനകത്തെ മര്‍ദ്ദം കൂടുകയും, തല്‍ഫലമായി, ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തുകൂടെ  നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, അവിടെ വച്ചു, ആമാശയം മടങ്ങി, തടസപ്പെട്ടു വീര്‍ത്തു ഗ്യാസ്ട്രിക് വോള്‍വുലസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.  ആമാശയത്തിൽ പൊട്ടലുണ്ടായി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്തു ചിതറി കിടക്കുകയുമായിരുന്നു.

ശസ്ത്രക്രിയക്ക് വിധേയയാക്കി വയറിനുള്ളിൽ നിന്ന് ഭക്ഷണശകലങ്ങള്‍ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു. പിന്നീട് ഇതു പോലെ വോള്‍വുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു. ഓപ്പറേഷനുശേഷം കുട്ടി രണ്ടു ദിവസം അനേസ്തേഷ്യ ഐ.സി.യുവിലായിരുന്നു. അതിനുശേഷം ശിശുശസ്ത്രക്രിയാ വാര്‍ഡിലേക്ക് മാറ്റി, ചികിത്സ തുടര്‍ന്നു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും  സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്.

ശിശുശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ നിര്‍മ്മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ശശികുമാര്‍, ജൂനിയര്‍ റെസിഡന്റ് ഡോ ഫിലിപ്സ് ജോണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പിഡിയാട്രിക് സര്‍ജറി ഹൗസ് സര്‍ജന്‍ ഡോ അതുല്‍ കൃഷ്ണ ചികിത്സയില്‍ സഹായിച്ചു.

അതോടൊപ്പം, അനേസ്തെഷ്യ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീര്‍ എന്‍, ഡോ. ഇഷിത, ഡോ. അഞ്ജന, ഡോ. അര്‍പ്പിത, ഡോ. സംഗീത, ഡോ. അമൃത, അനേസ്തെഷ്യ ഐസിയുവിന്റെ ചുമതലയുള്ള പ്രൊഫസര്‍ ഡോ. ഷാജി കെ.ആര്‍, ശിശുരോഗവിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അജിത്കുമാര്‍, സീനിയര്‍ റെസിഡന്റ് ഡോ. നൂന കെ.കെ., ജൂനിയര്‍ റെസിഡന്റ് ഡോ. സതിഷ്, പിഡിയാട്രിക് മെഡിസിന്‍ ഹൗസ് സര്‍ജന്‍ ഡോ. ജിതിന്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ മിനി പി. ശ്രീധരന്റെ നേതൃത്വത്തില്‍ നഴ്സിംഗ് ഓഫീസര്‍മാരായ രമ്യ പി.പി, റിന്‍കുമാരി സി.ഐ, ശിശുശസ്ത്രക്രിയ വിഭാഗം വാര്‍ഡ് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ശ്രീദേവി ശിവന്റെ നേതൃത്വത്തില്‍ നഴ്സിംഗ് ഓഫീസര്‍മാരായ സീന ജോസഫ്, അക്ഷയ നാരായണന്‍, ലേഖ ടി.സി., ജോളി ദേവസി, ലിജി ഡേവിസ്, സൗമ്യ എ, നീതു രാജന്‍, അഞ്ജന ബി, എന്നിവര്‍ ചികിത്സയുടെ ഭാഗമായിരുന്നു.

കൃത്യമായ രോഗ നിര്‍ണ്ണയവും ചികിത്സയും നല്‍കിയ മെഡിക്കല്‍ സംഘത്തെ, തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ അശോകന്‍ എന്‍. വൈസ് പ്രിന്‍സിപ്പല്‍ ഡോ സനല്‍ കുമാര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് എന്നിവര്‍ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios